ദമാം∙ അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ വലഞ്ഞ ബിഹാർ സ്വദേശിനി നവയുഗം സാംസ്ക്കാരികവേദി  പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഇവിടെ വീട്ടു ജോലിക്കാരിയായിരുന്ന ബിഹാർ പട്ന സ്വദേശിനി നിഷയാണ് പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങൾ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവർഷം മുൻപാണ് നിഷ ദമാമിലെ ഒരു വീട്ടിൽ ജോലിക്കെത്തിയത്. 

ജോലി സാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും നാട്ടിലെ അവസ്ഥയോർത്ത് ആ ജോലിയിൽ തന്നെ പിടിച്ചു നിൽക്കാൻ നിഷ ശ്രമിച്ചു. എന്നാൽ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. അഞ്ചു മാസത്തെ  ശമ്പളം കുടിശ്ശികയായതോടെ നിഷ ശക്തമായി പ്രതികരിച്ചെങ്കിലും, സ്പോൺസർ വകവച്ചില്ല. തുടർന്ന് ആരുമറിയാതെ ആ വീട്ടിനു വെളിയിൽ ചാടിയ നിഷ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞു. പൊലീസുകാർ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

അഭയകേന്ദ്രത്തിൽ എത്തിയ മഞ്ജു മണിക്കുട്ടനോട് നിഷ സഹായം അഭ്യർഥിച്ചു. അവർ  നിഷയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം  സഹകരിക്കാൻ തയാറായില്ല. കുടിശ്ശിക ശമ്പളത്തിനായി ലേബർ കോടതിയിൽ കേസ് കൊടുക്കാൻ  ഉപദേശിച്ചെങ്കിലും, കേസ് പൂർത്തിയാകാൻ മാസങ്ങൾ എടുക്കുമെന്നതിനാൽ  നിഷ അതിനു തയാറായില്ല. കുടുംബപ്രശ്നങ്ങൾ കാരണം എത്രയും വേഗം നാട്ടിൽ പോയാൽ മതിയെന്ന നിലപാടിൽ ആയിരുന്നു അവർ. 

തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, നിഷയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു കിട്ടി. നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു നിഷ നാട്ടിലേയ്ക്ക് മടങ്ങി.