അബുദാബി∙ യുഎഇയിൽ റോഡിൽ വാഹനവുമായി മത്സരയോട്ടം നടത്തുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. അൽഐനിൽ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചതിനെ തുടർന്നാണു നടപടി കടുപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അടക്കം ബോധവൽകരണവും തുടങ്ങി. റമസാൻ നാലാം ദിവസം അൽഐനിൽ കാൽനടയാത്രക്കാരായ രണ്ടു വനിതകൾ ഉൾപ്പെടെ നാലു പേർ മരിച്ചു.

ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. നിയമം പാലിച്ചും വേഗപരിധി മറികടക്കാതെയും ക്ഷമയോടെ വാഹനമോടിക്കണം. ഇതര യാത്രക്കാരോടും കാൽനട യാത്രക്കാരോടും സഹിഷ്ണുതയോടെ പെരുമാറണമെന്നും പൊലീസ് ഓർമിപ്പിച്ചു. വാഹനത്തിന്റെ സ്വാഭാവിക ഘടനയിൽ അനുമതിയില്ലാതെ മാറ്റം വരുത്തുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലോക് പോയിന്റുമാണ് ശിക്ഷ. ഈ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.