അബുദാബി∙ അധ്യാപകർക്കും മാതാപിതാക്കൾക്കും പരസ്പരം ആശയവിനിമയം എളുപ്പമാക്കുന്ന ഫാമിലി സ്കൂൾ ആപ്ലിക്കേഷൻ(അധീദക്) പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. 

ഇമറാത്തി മാതൃകാ കുടുംബത്തെ വാർത്തെടുക്കാനുള്ള പരിഷ്കാരത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും പ്രശംസിച്ചു.

സഹവാസം, പെരുമാറ്റം, പാഠ്യ നിലവാരം, മത്സര ക്ഷമത തുടങ്ങി കുട്ടിയെപ്പറ്റിയുള്ള ഏതു വിവരവും അപ്പപ്പോൾ കൈമാറാം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ലോഗിൻ സംവിധാനമുണ്ട്. ദിവസവും പഠിപ്പിച്ച പാഠഭാഗങ്ങൾ ആപ്പിൽ ലഭ്യമാകും. അന്നന്ന് വീട്ടിൽനിന്നു ചെയ്യേണ്ട കാര്യങ്ങളും അറിയാം. രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള നിർദേശങ്ങളും അറിയിപ്പുകളുണ്ടാകും. കുട്ടിയുടെ ഒഴിവു സമയ വിനോദങ്ങൾ രേഖപ്പെടുത്താം. കുട്ടികളുടെ സമഗ്ര വളർച്ചയാണു ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.