ജിദ്ദ∙ വിദേശ ഹജ് തീർഥാടകർക്കു മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പു വരുത്താനുള്ള പുതിയ നിയമത്തിനു മന്ത്രിതല സമിതി അംഗീകാരം നൽകി. പുതിയ നിയമംവഴി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹജ് സേവനം കൂടുതൽ എളുപ്പമാക്കാൻ കഴിയുമെന്നു ഹജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബൻതൻ പറഞ്ഞു. ഇതു വിദേശ ഹജ് തീർഥാടകർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പുതിയ നിയമത്തിന് അംഗീകാരം നൽകിയ ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മന്ത്രി നന്ദി പറഞ്ഞു. സൗദി വിഷൻ 2030ന്റെ ഭാഗമായാണു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹജ് സേവനം മെച്ചപ്പെടുത്തുന്നത്. തീർഥാടകർക്കും സന്ദർശകർക്കും രാജ്യത്തെത്തുന്നതിനു മുൻപുള്ള സേവത്തിനും പുതിയ നിയമം പ്രയോജനപ്പെടുത്താം. ഇതിനായി സൗദി സ്ഥാപനത്തിന്റെ ശാഖകൾ വിദേശത്ത് തുടങ്ങാനും അനുമതി നൽകി.