അബുദാബി∙ ഗതാഗത നിയമം ലംഘനത്തിനു പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് അബുദാബി പൊലീസ് സ്മാർട് ലോക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു. വാഹനങ്ങൾ പിടിച്ചെടുത്തു പൊലീസിന് കീഴിലുള്ള സ്ഥലത്തു സൂക്ഷിക്കുന്നതിന് പകരം സ്മാർട് ലോക്ക് ചെയ്ത് വ്യക്തിയുടെ ഉമടസ്ഥതയിൽ തന്നെ സൂക്ഷിക്കുന്നതാണു പുതിയ സംവിധാനം.

നിലവിൽ നിയമ ലംഘനത്തിനു പിഴയും ബ്ലാക് പോയിന്റിനും പുറമേ നിശ്ചിത കാലത്തേക്കു കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. കാലങ്ങളോളം വെയിലും തണുപ്പും പൊടിയുമേറ്റ് ശിക്ഷാ കാലാവധി കഴിയുമ്പോഴേക്കു കേടാകും. ഇതൊഴിവാക്കാനാണു സ്മാർട്ട് ലോക് ഘടിപ്പിച്ച് ഉടമകളുടെ പാർക്കിങിൽ തന്നെ നിർത്തിയിടുന്ന സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. 

ജിപിഎസുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രാക്കർ വാഹനത്തിൽ സ്ഥാപിച്ചാണ് പൊലീസ് നിരീക്ഷിക്കുക. ഇങ്ങനെ സ്മാർട്ട് ലോക്ക് സ്ഥാപിച്ച വാഹനം സ്റ്റാർട്ട് ചെയ്യുകയോ നിശ്ചിത ദൂരത്തിലധികം ഓടിക്കുകയോ ചെയ്താൽ പൊലീസിന് വിവരം ലഭിക്കും.

50 മീറ്ററിനപ്പുറത്തേക്ക് നീങ്ങിയാൽ നിയമ ലംഘനമായി കണക്കാക്കും. സ്മാർട്ട് ലോക്ക് ഇളക്കാൻ ശ്രമിച്ചാലും പിടിവീഴും.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വാഹനം 24 മണിക്കൂറും നിരീക്ഷിക്കും. നിയമ ലംഘനത്തിന്റെ തോതനുസരിച്ചാണ് ശിക്ഷാ കാലാവധി തീരുമാനിക്കുക. കാലാവധിക്കു മുൻപ് വാഹനം പുറത്തിറക്കിയാൽ ശിക്ഷ ഇരട്ടിയാകും. മൂന്നാമതും നിയമം ലംഘിച്ചാൽ നമ്പർ പ്ലേറ്റ് എടുത്തു മാറ്റുന്നതുൾപെടെ കടുത്ത ശിക്ഷയുണ്ടാകും.