ഷാർജ∙  റമസാൻ രാത്രി ചന്തയ്ക്ക് അൽ താവൂനിലെ എക്സ്പോ സെന്ററിൽ വർണോജ്വല തുടക്കം. ഷാർജ ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചന്ത വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരം കൊണ്ട് സമ്പന്നമാകും. 75% വരെ വിലക്കിഴിവിലാണ് വിൽപന. വിനോദത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലറ്റുകൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫർണിച്ചർ, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് നിശാവിപണിയുടെ പ്രത്യേകത. റമസാനും പെരുനാളിനും ആവശ്യമുള്ള സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാണ്.  

പ്രമുഖ കമ്പനികളുടെ സാന്നിധ്യമാണ് പ്രധാന സവിശേഷത. ഭക്ഷണ ശാലയാണ് മറ്റൊരു ആകർഷണകേന്ദ്രം. കുടുംബങ്ങൾക്ക് ഒന്നടങ്കം ഷോപ്പിങ് നടത്താനുള്ള അവസരമാണ് ഇവിടെയുള്ളതെന്ന് ഷാർജ എക്സ്പോ സെൻ്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. ആയിരക്കണക്കിന് പേർ തങ്ങളുടെ റമസാൻ രാത്രികൾ ചെലവഴിക്കാൻ ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പെരുനാളിനുള്ള ഷോപ്പിങ്ങാണ് പലരും നടത്തുക. കൂടാതെ, റമസാനിലെ അത്താഴത്തിന് വിഭവ സമൃദ്ധമായ ഭക്ഷണവും ലഭിക്കും. കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുള്ള സൗകര്യവുമുണ്ട്.

100 ദിർഹമിന് സാധനങ്ങൾ വാങ്ങിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യു കാർ സ്വന്തമാക്കാം. എല്ലാ ദിവസവും രാത്രി 8 മുതൽ പുലർച്ച 2 വരെയാണ് നിശാവിപണി പ്രവർത്തിക്കുക. പെരുനാൾ ദിവസങ്ങളിൽ നാല് മുതൽ രാത്രി 11 വരെയും. ടിക്കറ്റ് മൂലമാണ് പ്രവേശനം.  12 വയസിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. ജൂണ്‍ 8നാണ് സമാപനം.