ദുബായ് ∙ സലൂൺ, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ ദുബായ് മുനിസിപാലിറ്റി പരിശോധന കർശനമാക്കി. മുനിസിപാലിറ്റിയുടെ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് പുരുഷ–വനിതാ കേന്ദ്രങ്ങളിൽ പരിശോധിക്കുന്നത്. ഇൗ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പാക്കി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ–സുരക്ഷാ വിഭാഗം ആക്ടിങ് ഡയറക്ടർ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു.

സലൂണുകളിലെയും ബ്യൂട്ടി സെന്ററുകളിലെയും ഉപകരണങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാണോ എന്നും അണുവിമുക്തമാണോ എന്നും പരിശോധിക്കും. കൂടാതെ, സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിലവാരവും ജീവനക്കാരുടെ പരിചയ സമ്പത്തും പരിഗണനയിലെടുക്കും. ജീവനക്കാർക്ക് ഹെൽത് കാർഡ് ഉണ്ടോ എന്നതാണ് മറ്റൊരു പരിശോധന.

രാസപദാർഥങ്ങൾ കലർത്തരുത്

ഉത്പന്നങ്ങളിൽ എന്തെങ്കിലും രാസപദാർഥം കലർത്തുന്നത് തെറ്റാണെന്ന് മുനിസിപാലിറ്റി അധികൃതർ പറഞ്ഞു. പിടിക്കപ്പെട്ടാൽ സലൂൺ പൂട്ടുന്നതടക്കമുള്ള നിയമ നടപടികള്‍‌ സ്വീകരിക്കും. വനിതകൾക്ക് പതിക്കുന്ന മൈലാഞ്ചി ആരുടെയെങ്കിലും ചർമത്തിൽ പോറലുണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം സലൂണുകൾക്കായിരിക്കും. രോമം കളയാൻ വേണ്ടി തീ കത്തിക്കാവുന്ന സ്റ്റൗവിന് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കണം. നഖം സംരംക്ഷണത്തിനും ഫേഷ്യലിനുമുള്ള ഡിസ്പോസിബിൾ ഉപകരണങ്ങൾ സംബന്ധമായി സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ബോധവത്കരണ ക്യാംപയിൻ നടത്തും. ഇതുവഴി സാംക്രമിക രോഗങ്ങൾ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൊൻതജി ആപ്പ്  

സലൂണ്‍, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ച് വിശദമാക്കുന്ന മൊൻതജി ആപ്ളിക്കേഷൻ അടുത്തിടെ ദുബായ് മുനിസിപാലിറ്റി പുറത്തിറക്കിയിരുന്നു. ഏതൊക്കെ ഉത്പന്നങ്ങളാണ് ഉപയോഗിക്കാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങൾ ഇൗ ആപ്പിലൂടെ മനസിലാക്കാം.

പാർശ്വഫലമുണ്ടായാൽ ഉടൻ അറിയിക്കണം

ഏതെങ്കിലും സലൂണിൽ നിന്നോ ബ്യൂട്ടി സെൻ്ററുകളിൽ നിന്നോ ചില ഉത്പന്നങ്ങൾ കാരണം ആർക്കെങ്കിലും പാർശ്വലഫലം ഉണ്ടായാൽ ഉടൻ മുനിസിപ്പാലിറ്റിയെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറി(800900)ൽ വിവരം അറിയിക്കണം. 48 മണിക്കൂറുകൾക്കുള്ളിൽ നടപടിയുണ്ടാകും.