ദുബായ്∙ ഉത്തേജക മരുന്ന് പാനീയത്തിൽ കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവിനെതിരെ കോഴിക്കോട് സ്വദേശിനിയുടെ പരാതി. ദുബായിൽ നിന്നു ബിസിനസ് വിപുലമാക്കാനെന്ന പേരിൽ മലേഷ്യയിലേക്കു വിളിപ്പിച്ചു ചതിക്കുകയായിരുന്നെന്ന് 26കാരി പറയുന്നു.

മലേഷ്യയിൽ ചികിത്സയിലായ യുവതി ക്വാലലംപൂർ ചൗകിത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവ് ഇന്ത്യയിലേക്കു മുങ്ങി. നാലു വർഷമായി ദുബായിൽ ബിസിനസ് നടത്തുകയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരൻ കച്ചവട പങ്കാളിത്തത്തിനായി പത്തു ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്.

മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞാണ് ദുബായിലെ അറിയപ്പെടുന്ന മോഡൽ കൂടിയായ യുവതിയെ രണ്ടാഴ്ച മുൻപ് സന്ദർശക വീസയിൽ മലേഷ്യയിൽ എത്തിച്ചത്. ഇവിടെവച്ച് ജ്യൂസിൽ മരുന്നു കലർത്തി നൽകുകയായിരുന്നത്രേ. ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രി അധികൃതരാണു പൊലീസിൽ വിവരം അറിയിച്ചത്. യുവാവിന്റെ മുറിയിൽ നിന്നു യുവതിക്ക് നൽകിയതെന്നു സംശയിക്കുന്ന മരുന്നിന്റെ സാംപിൾ കണ്ടെത്തി.

ഇയാളുടെ ബാഗിൽ ഇൗ മരുന്നുകളുടെ കുപ്പികളും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് സിറ്റി പൊലീസിലും പരാതി നൽകി. മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും വിവരം അറിയിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മലേഷ്യൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു.