ദുബായ് ∙ കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന രാജ്യങ്ങളിൽ നടപ്പിലാക്കുന്ന യുഎഇയുടെ പ്രതീക്ഷയുടെ കിണർ പദ്ധതിയിൽ ദുബായ് മുനിസിപാലിറ്റി പങ്കാളികളായി. യുഎഇ സഹിഷ്ണുതാ വർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് വെൽ ഒാഫ് ഹോപ് എന്ന ഡിജിറ്റൽ ഉപകരണം വഴിയുള്ള സമൂഹ മാധ്യമ മത്സരം. ഡിജിറ്റൽ ഉപകരണങ്ങളിൽ പമ്പ് പ്രവർത്തിപ്പിച്ചാണ് പങ്കെടുക്കേണ്ടത്. ബംഗ്ലദേശ്, ബെനിൻ, ബ്രസിൽ, മാലി, മൗറിറ്റാനിയ, നൈഗർ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ 34,300 പേർ ഇതിന്റെ ഗുണഭോക്താക്കളാകും. 

മത്സരത്തിൽ പങ്കെടുക്കാൻ പൊതു– സ്വകാര്യ സ്ഥാപനങ്ങളോട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. ക്ഷണം സ്വീകരിച്ചാണ് ദുബായ് മുനിസിപാലിറ്റി വെൽ ഒാഫ് ഹോപ് പദ്ധതി മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. 

പ്രതീക്ഷയുടെ കിണർ പദ്ധതിക്ക് വേണ്ട പണം കണ്ടെത്തുന്നതിനായുള്ള മത്സരം കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു. ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവാണ് റമസാനിൽ നടക്കുന്ന മത്സരത്തിന് മേൽനോട്ടം വഹിക്കുന്നത്. 20 സ്ഥാപനങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. 

താത്പര്യമുള്ളവർ  contact@arabhopemakers.com എന്ന ഇ മെയിലിലേയ്ക്ക് #Wellofhope എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് അപേക്ഷ അയക്കണം. ദേശാഭാഷാ മത വർഗ വർണഭേദമില്ലാതെ ലോകത്തെ നിരാലംബർക്കും പട്ടിണിപ്പാവങ്ങൾക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന രാജ്യമാണ് യുഎഇ. ദുബായ് മുനിസിപാലിറ്റി സായിദ് ഡേ ഫോർ ഹ്യൂമനിറ്റേറിയൻ ആക്ഷന്റെ ഭാഗമായി തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുകയുമുണ്ടായി.