തിരുവനന്തപുരം ∙ നോര്‍ക്ക റൂട്ട്സ് മുഖേന തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന കേരള സര്‍ക്കാരിന്‍റെ ധനസഹായ പദ്ധതിയാണ് സാന്ത്വന. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് ഈ പദ്ധതി മുഖാന്തിരം നല്‍കി വരുന്നത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കില്‍ പ്രവാസിയുടെ ആശ്രിതര്‍ക്കു ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും (ഗുരുതര രോഗങ്ങള്‍ക്ക്) മറ്റു രോഗങ്ങള്‍ക്ക് ഇരുപതിനായിരം രൂപയും), പെണ്‍മക്കളുടെ വിവാഹ ധനസഹായമായി (ഒരാള്‍ക്ക്) പരമാവധി പതിനയ്യായിരം രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നല്‍കി വരുന്നു. 

നോര്‍ക്ക റൂട്ട്സിന്‍റെ തൈക്കാടുള്ള ആസ്ഥാന ഓഫിസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫിസുകളിലും വിവിധ കളക്ട്രേറ്റുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ല സെല്ലുകള്‍ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നത്. നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റിലും മേല്‍ പറഞ്ഞ ഓഫിസുകളിലും അപേക്ഷാ ഫാറം ലഭ്യമാണ്.

നോര്‍ക്ക റൂട്ട്സിന്‍റെ ഓഫിസ് എന്ന വ്യാജേന പല സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിലുളള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെന്ന പേരില്‍ ജനങ്ങളില്‍ നിന്ന് അംഗത്വ ഇനത്തിലും മറ്റുമായി തുക ഈടാക്കുന്നതായും കൂടാതെ നോര്‍ക്ക അനുവദിക്കുന്ന ധനസഹായത്തില്‍ നിന്നും ഒരു വിഹിതം കൈപ്പറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിരിക്കേണ്ടതോ, വരി നല്‍കേണ്ടതോ ഇല്ലായെന്നും ഇതിനായി ഏതെങ്കിലും സ്ഥാപനങ്ങളെയോ സംഘനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സേവനങ്ങളെല്ലാം സൗജന്യമാണെന്നും നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.orgലും 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പരിലും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.