ദുബായ് ∙ നന്മയിലധിഷ്ഠിതമായ ജീവിതമാണു റമസാന്‍ മാസത്തിന്റെ സന്ദേശമെന്നും മനസ്സിന്റെ വിമലീകരണമാണ് നോമ്പിലൂടെ ലക്ഷ്യമിടുന്നതെന്നും സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷനും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. റാഷിദിയ്യ മർകസ് സഹ്‌റത്തുൽ ഖുർആൻ സെന്ററിന്റെ പാരന്റ്സ് മീറ്റിൽ റമസാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

ഹൃദയവിശുദ്ധിയാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ഊഷ്‌മളമാക്കുന്നത്. സനാതനമൂല്യങ്ങളെ പരിഷ്‌കരിക്കാനും ധാര്‍മികമായ ജീവിതത്തിനു പാതയൊരുക്കാനും ഹൃദയത്തിന്റെ വിമലീകരണം അത്യാവശ്യമാണ്. സൃഷ്ടിപ്പിന്റെ ബാഹ്യസൗന്ദര്യത്തിലേക്കോ പ്രവര്‍ത്തനങ്ങളുടെ ചാരുതയിലേക്കോ അല്ല, ദൈവദൃഷ്ടി പതിയുന്നത്. ഹൃദയത്തിലേക്കാണ്. ഹൃദയം പ്രകാശത്താല്‍ തേജോമയമാകുമ്പോഴേ സദ് പ്രവർത്തനങ്ങൾക്ക് ശരീരം സന്നദ്ധമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.യഹ്‌യ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്‌തു. മദ്‌റസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം വരിച്ച വിദ്യാർഥികളെ അനുമോദിച്ചു. അലി മദനി കളന്തോട്, നവാസ് എടമുട്ടം, അഷ്‌റഫ് എറണാകുളം സംബന്ധിച്ചു.