അബുദാബി∙ വേഗ നിയന്ത്രണ സംവിധാനം (ക്രൂസ് കൺട്രോൾ) തകരാറിലായ കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി പൊലീസ് രക്ഷപ്പെടുത്തി. പൊലീസ് പട്രോൾ വാഹനത്തിലിടിപ്പിച്ച് കാറും വേഗനിയന്ത്രണ സംവിധാനവും തമ്മിലുള്ള ബന്ധം വിച്ഛേദിപ്പിക്കുകയായിരുന്നു. ക്രൂസ് കൺട്രോളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സെറ്റ് ചെയ്തു വച്ച് അബുദാബിയിൽ നിന്നു മോട്ടോർ വേയിലൂടെ ദുബായിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ വച്ച് വേഗനിയന്ത്രണ സംവിധാനം തകരാറിലാവുകയായിരുന്നു.

തിരക്കേറിയ റോഡിൽ ഇതേ സ്പീഡിൽ യാത്ര തുടരാൻ നിർബന്ധിതനായതോടെ അപകടം മുന്നിൽ കണ്ട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പുവരുത്തിയ പൊലീസ്, തങ്ങൾ എത്തുന്നതു ഹസാഡ് ലൈറ്റ് തുടരാനും നിർദേശിച്ചു. ദുബായ് പൊലീസിനും വിവരം കൈമാറി. അതിവേഗത്തിലോടിയ കാറിനു മുന്നിലേക്കു പാഞ്ഞടുത്ത പൊലീസ് പട്രോളിങ് വാഹനത്തിൽ ഇടിപ്പിക്കാൻ ആവശ്യപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ വേഗം കുറഞ്ഞ കാറിൽ നിന്ന് ക്രൂസ് കൺട്രോൾ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഡ്രൈവറെ രക്ഷപ്പെടുത്താനായി. തിരക്കേറിയ റോഡിൽ മറ്റു വാഹനങ്ങൾക്കോ യാത്രക്കാർക്കോ പ്രയാസമുണ്ടാക്കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ഉടൻ കാർ നീക്കി ഗതാഗത തടസ്സവും ഒഴിവാക്കി. വാഹനം സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തണമെന്നും ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ഉപകരണം ഉപയോഗിക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഡ്രൈവറുടെ വിശദാംശങ്ങളോ പൊലീസ് വാഹനത്തിന് പറ്റിയ കേടുപാടുകളെക്കുറിച്ചോ വെളിപ്പെടുത്തിയില്ല.