അബുദാബി∙ പെരുന്നാളിനെ വരവേൽക്കാൻ കലാവിരുന്നുകളും വിലക്കുറവുമായി അബുദാബിയിലെയും അൽഐനിലെയും ഷോപ്പിങ് മാളുകൾ അണിഞ്ഞൊരുങ്ങി. പെരുന്നാളിന് മാളിലെത്തുന്ന സന്ദർശകർക്കായി അവിസ്മരണീയ ദൃശ്യ വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 350ലേറെ ബ്രാൻഡുകളിൽ ആദായ വിൽപനയൊരുക്കിയാണ് അൽ വഹ്ദ മാൾ സന്ദർശകരെ ആകർഷിക്കുന്നത്. പെരുന്നാളിന്റെ ആദ്യ മൂന്നു ദിനങ്ങളിൽ കലാ വിരുന്നുമുണ്ടാകും. മുഷ്റഫ് മാളിൽ ഈന്തപ്പഴ ഉത്സവം, നൂതന അറബിക് സ്റ്റേജ് ഷോ, പരമ്പരാഗത നൃത്തം തുടങ്ങി മൂന്നു ദിവസം നീളുന്ന പരിപാടികളുണ്ട്. റമസാൻ പ്രമേയമാക്കി അണിഞ്ഞൊരുങ്ങിയ ഖാലിദിയ മാളും കലാ, സാംസ്കാരിക പരിപാടികളുമായി തയാറെടുത്തു.

അൽറാഹ മാളിൽ പെരുന്നാൾ ആശംസാ കാർഡ് നിർമാണം, ചിത്ര രചന, പെയിന്റിങ്, ബലൂൺ ബെൻഡിങ്, മാജിക് ഷോ, കരകൗശല വസ്തു നിർമാണം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. നഗര മധ്യത്തിലുള്ള മദീനാ സായിദ് ഷോപ്പിങ് മാളിലും വിപുലമായ പരിപാടികളുണ്ട്. പരമ്പരാഗത പെരുന്നാൾ സമ്മാനങ്ങൾ, ലോകോത്തരവും പുരാതനവുമായ ആഭരണങ്ങൾ ലഭിക്കുന്ന സ്വർണക്കട തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഇവിടെയുണ്ട്. മെസ്യദ് മാളിൽ റഷ്യൻ, ബ്രസീലിയൻ, മെക്സിക്കൻ കാർണിവലുകളും ഫ്യൂഷൻ ഡാൻസും ഒപ്പം എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.

മാജിക് ഡാൻസ്, തനൂറ നൃത്തം, മാസ്കോട്ട്, ഹിപ്ഹോപ് ഡാൻസ്, ജഗ്ളേഴ്സ്, മാജിക് ഷോ എന്നിവ ആസ്വദിക്കാൻ അൽഐൻ അൽഫോഹ് മാളിൽ പോകാം. ജൂൺ 5ന് 24ന് മണിക്കൂർ നീളുന്ന ആദായ വിൽപനയാണ് അൽഐനിലെ ബറാറി ഔട്ട്ലെറ്റ് മാളിന്റെ ആകർഷണം. പെരുന്നാൾ അവധി ദിനങ്ങളിൽ കുട്ടികൾക്കായി സാൻഡ് ആർട്, കളറിങ്, ചിത്ര രചന, ക്ലോൺ ഷോ, ക്ലോൺ ബലൂൺ, ബെൻഡർ, മാസ്കോട്സ്, മാജിക് ഷോ, ബട്ടർഫ്ളൈ ഷോ, തനൂറ-ലാറ്റിൻ നൃത്തം, ശിൽപശാല എന്നിയുണ്ടാകും.