അബുദാബി∙ ശാന്തിയും സഹിഷ്ണുതയും സാഹോദര്യവും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നു കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ അതിഥിയായി യുഎഇയിലെത്തിയ ഖലീൽ തങ്ങൾ അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ റമസാൻ പ്രഭാഷണം നടത്തുകയായിരുന്നു. 

യുഎഇ എക്കാലവും ഉയർത്തിപ്പിടിക്കുന്നതു സഹിഷ്ണുതയുടെ സന്ദേശമാണ്. എല്ലാവർക്കും നീതിയും ആദരവും സമത്വവും ഉറപ്പാക്കുന്ന ഭരണാധികാരികൾ സാംസ്കാരികവും വംശീയവും മതപരവുമായ വൈവിധ്യങ്ങളെ കോർത്തിണക്കിയാണു സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സഹിഷ്ണുത എന്നത് ദൈവ വിശ്വാസത്തിന്റെ കാമ്പും കാതലുമാണെന്നാണു പ്രവാചകൻ പഠിപ്പിക്കുന്നതെന്ന് ഖലീൽ തങ്ങൾ വ്യക്തമാക്കി. ഐഎസ്‌സി പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അതിഥിയായിരുന്നു. ഐഎസ്‌സി ജനറൽ സെക്രട്ടറി പി. സത്യബാബു, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എം. നിസാർ, ഐസിഎഫ് ജനറൽ സെക്രട്ടറി ഹമീദ് പരപ്പ, പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഹംസ അഹ്‌സനി വയനാട്, സി.എച്ച്. മൻസൂർ അലി, റഫീഖ് കയനയിൽ എന്നിവരും അബുദാബി മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.