കുവൈത്ത് സിറ്റി∙ വഴിയോരങ്ങളിൽ അനധികൃതമായി നിർത്തിയിടുന്ന വാഹന ഉടമകളിൽനിന്നു 100 ദിനാർ പിഴ ഈടാക്കുമെന്ന് അധികൃതർ. വാഹനം നീക്കം ചെയ്യുന്നതിനു വാഹനത്തിന്റെ വലുപ്പത്തിനനുസരിച്ച് 30 മുതൽ 100 ദിനാർ വരെ ഫീസും ഈടാക്കും. ഇതു സർക്കാർ സ്ഥലത്ത് സൂക്ഷിക്കുന്നതിന് 1 ദിനാർ വീതം ദിവസ വാടകയും നൽകേണ്ടി വരുമെന്ന് ജഹ്‌റ ഗവർണറേറ്റിലെ ശുചിത്വ- റോഡ് വിഭാഗം ഡയറക്ടർ ഫഹദ് അൽ ഖരീഫ അറിയിച്ചു.

ജഹ്‌റ മേഖലയിൽ റോഡിൽ നിർത്തിയിട്ട 15 വാഹനങ്ങൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. നഈം മേഖലയിലെ ഗാരിജിലേക്കാണ് ഇതു മാറ്റിയിരിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ധാരാളം സ്ഥലമുണ്ട് എന്നതാണു ജഹ്റയുടെ പ്രശ്നം. കേടായ വാഹനങ്ങളും പഴയ ടയറുകളുമൊക്കെ പലരും ഇവിടെ ഉപേക്ഷിക്കുകയാണ്.

അശ്രദ്ധമായി റോഡരികിൽ നിർത്തിയിട്ടിട്ടുള്ള മുഴുവൻ വാഹനങ്ങളും നീക്കം ചെയ്യാനാണ് തീരുമാനം. ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 34 കാറുകൾ നീക്കം ചെയ്‌തു. 40 വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു.