ദോഹ∙ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖത്തർ ഫാംസ് പദ്ധതിക്കു മികച്ച പ്രതികരണം. പ്രാദേശിക പച്ചക്കറി ഉൽപാദനവും വിപണനവും പ്രോൽസാഹിപ്പിക്കാനാണു മന്ത്രാലയം ഖത്തർ ഫാംസ് പദ്ധതിക്കു രൂപം നൽകിയത്. 

വിൽപന മൂന്നിരട്ടിയിലേറെ (318%) വർധിപ്പിക്കാൻ പദ്ധതിക്കു സാധിച്ചു.

കഴിഞ്ഞ സീസണിലെ ഉൽപാദന വിപണനം 1,969 ടൺ പച്ചക്കറിയായിരുന്നു. ഇത്തവണ 8,226 ടൺ പച്ചക്കറിയാണു വിറ്റുപോയത്. ഇടനിലക്കാരില്ലാതെ പച്ചക്കറി വിപണനം ചെയ്യാനുള്ള അവസരമാണ് കർഷകർക്ക് പദ്ധതിയിലൂടെ ലഭിക്കുന്നത്.

 മിതമായ വിലയ്ക്കു മികച്ച പച്ചക്കറികൾ ലഭിക്കുമെന്നത് ഉപഭോക്താക്കൾക്കും ഗുണകരമാണ്. വാണിജ്യ വ്യവസായ മന്ത്രാലയ സഹകരണത്തോടെയാണു പദ്ധതി നടത്തിപ്പ്. സൂപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ചാണു തദ്ദേശീയ ഉൽപന്നങ്ങളിലേറെയും വിറ്റഴിക്കുന്നത്. പത്തിലേറെ വാണിജ്യ സമുച്ചയങ്ങൾ ഇത്തവണ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. 140 പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉൽപന്നങ്ങളാണു പ്രധാന സൂപ്പർമാർക്കറ്റുകളിൽ വിപണനത്തിന് എത്തുന്നത്. ഇറക്കുമതി ചെയ്യുന്നതിനേക്കാൾ മികച്ചതാണ് ആഭ്യന്തര പച്ചക്കറികൾ. ഫാമിൽ നിന്നു മാർക്കറ്റിലേക്ക് നേരിട്ടെത്തുന്നത് എന്ന മെച്ചവുമുണ്ട്. 

അൽ മീര, കാരിഫോർ, ലുലു, ഫാമിലി ഫുഡ്‌സെന്റർ എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. തക്കാളി, വെള്ളരി, സ്‌ക്വാഷ്, കുരുമുളക്, എഗ്പ്ലാന്റ്, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ യഥേഷ്ടം ലഭ്യമാണ്. ആകെ പച്ചക്കറി വിൽപനയുടെ 20% ഖത്തരി ഫാംസ് പദ്ധതിയിലൂടെയാണ്. ഇതിൽതന്നെ 56 % പച്ചക്കറികളും വിറ്റുപോയത് അൽമീര സ്റ്റോറുകളിലൂടെയായിരുന്നു. ലുലു 19%, കാരിഫോർ 15%, ഫാമിലി ഫുഡ്‌സെന്റർ 7% വീതമായിരുന്നു വിൽപന. പ്രാദേശിക ലഭ്യത വർധിക്കുന്നതു വില കുറയാൻ സഹായിക്കുന്നു.