റിയാദ്∙ സൗദിയിൽ സ്വദേശികളുടെ വിവാഹവും സ്മാർട്ടാകുന്നു. ഇനി വിവാഹ കരാറുകൾ ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഡോ. വലീദ് ബിൻ മുഹമ്മദ് അൽ സമാനി നിർദേശിച്ചു.

വധൂവരൻമാരുടെ വിവരങ്ങളും വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രാലയത്തിന്റെ ഇ-ഗേറ്റിൽ നൽകിയാൽ മതി. വിവാഹ ഓഫിസർ സ്മാർട്ട് സംവിധാനം ഉപയോഗിച്ചു വിരലടയാളം ഒത്തുനോക്കിയ ശേഷം വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനിൽ തന്നെ അയച്ചു കൊടുക്കും. ഇതിനായി കോടതിയിലോ ബന്ധപ്പെട്ട ഓഫിസിലോ കയറി ഇറങ്ങേണ്ടതില്ല.  നീതിന്യായ മന്ത്രാലയത്തിന്റെ നിജാസ് ഗേറ്റിൽ നിന്നു പ്രിന്റ് ചെയ്തെടുക്കാനും സാധിക്കും. 

സർക്കാർ കാര്യാലയങ്ങൾക്ക് ആവശ്യമെങ്കിൽ ഓൺലൈനിൽ തന്നെ വ്യക്തിയുടെ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ ലഭ്യമാകും. 2020ഓടെ നീതിന്യായ മന്ത്രാലയത്തിലെ 80% സേവനങ്ങളും ഓൺലൈനാക്കാനാണ് പദ്ധതി.