ചില കാര്യങ്ങളിൽ സമവായത്തിലെത്താൻ പേർഷ്യൻ രാജാവ് ഒരു ദൂതനെ രണ്ടാം ഖലീഫ ഉമറിന്റെ അരികിലേക്കയച്ചു. മദീനയിലെത്തിയ ദൂതൻ ഉമറിന്റെ കൊട്ടാരം കണ്ടില്ല. മുന്നിൽ കണ്ട ഒരു അറബിയോടു കൊട്ടാരമന്വേഷിച്ചു. 

അയാൾ ദൂതന് ഉമറിന്റെ അടുത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. റോം, പേർഷ്യൻ ചക്രവർത്തിമാരെപ്പോലെ കൊട്ടാരത്തിലെ സുഖവാസമല്ല ഉമറിനെന്നു പരിസരം വീക്ഷിച്ചപ്പോൾ ദൂതനു ബോധ്യമായി. മദീനയിലെ ഏറ്റവും ദരിദ്രനായ ഒരാളുടെ വീടുപോലുള്ള ഒരു കുടിലിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ദൂതൻ എത്തിയപ്പോൾ വീടിനു മുന്നിലെ മണൽപരപ്പിൽ മലർന്നു കിടക്കുകയായിരുന്നു ഉമർ. ഒരു വടി തലയ്ക്കു വച്ചാണു കിടത്തം.

 ഭൗതിക ജീവിതത്തിന്റെ പളപളപ്പുകളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. ഖലീഫയുടെ സമാധാനത്തോടെയുള്ള ഉറക്കം അയാളെ അത്ഭുതപ്പെടുത്തി. വിനയത്തോടെ അയാൾ ഉമറിനു മുന്നിൽ നിന്നു. വന്ന കാര്യം മറന്ന ദൂതൻ ഖലീഫയുടെ മതത്തിലേക്കു മാറുകയായിരുന്നു. എളിമയുടെ തെളിമയാണ് ആ ദൂതന്റെ മനസ്സിലെ വിശ്വാസം മാറ്റി വരച്ചത്.