ദുബായ്∙ പ്രധാനമന്ത്രി മോദിജി ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് എന്റെ കുഞ്ഞോമനയെ നേരിട്ട് അനുഗ്രഹിക്കണം എന്നു മാത്രമാണ് ഇപ്പോഴെന്റെ ആഗ്രഹം. നരേന്ദ്ര ദാമോദർദാസ് മോദിയെന്ന് പേരിട്ട നവജാത ശിശുവിന്റെ പിതാവ് ദുബായിലെ ഹത്തയിൽ ജോലി ചെയ്യുന്ന ‌ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മുസ്താഖ് അഹമദിന്റെതാണ് വാക്കുകൾ. മൂന്ന് ദിവസം മുൻപ് വോട്ടെണ്ണൽ ദിവസമാണ് മുസ്താഖ്– മെനാജ് ബീഗം ദമ്പതികൾക്ക് മൂന്നാമത്തെ ആൺകുട്ടി പിറന്നത്. മുസ്താഖിന്റെ ഭാര്യ ഫോണിൽ സന്തോഷ വിവരം പറഞ്ഞപ്പോൾ മുസ്താഖ് ചോദിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിച്ചോ? ഉടൻ ഭാര്യ പറഞ്ഞു: അതെ.. രാജ്യത്ത് വീണ്ടും മോദി വന്നു. നമ്മുടെ വീട്ടിലും മോദി വന്നു. കുഞ്ഞിന് ഇതിനകം നരേന്ദ്ര ദാമോദർദാസ് മോദിയെന്നു പേര് റജിസ്റ്റർ ചെയ്തചതതായി അവർ പറ‍ഞ്ഞു. 

മുസ്‌ലിം ദമ്പതികൾ കുഞ്ഞിന് നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പേരിട്ടത് കഴിഞ്ഞ ദിവസം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചില ബന്ധുക്കളും ഗ്രാമീണരിൽ ചിലരും മോദിയെന്ന പേരിട്ടതിനെ എതിർത്തുവെങ്കിലും മെനാജ് ബീഗം തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. സൗജന്യ റേഷനും ശൗചാലയവും തന്നെ പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വത്താണെന്നാണ് ഇവരുടെ അഭിപ്രായം.

മുസ്താഖ് അഹമദ് അഞ്ച് വർഷം മുൻപാണ് മെച്ചപ്പെട്ട ജീവിതം തേടി യുഎഇയിലെത്തിയത്. ദുബായിൽ നിന്ന് 130 കിലോ മീറ്റർ അകലെയാണ് ഇയാൾ മെയിന്റനൻസ് ജീവനക്കാരനായി ജോലി ചെയ്യുന്ന ഇൻ്റീരിയർ ഡെക്കറേഷൻ കമ്പനി. മുസ്താഖ്–മെനാജ് ദമ്പതികൾക്ക് മൂത്തത് രണ്ടും പെൺകുട്ടികളാണ്– മൻതസ (7) യും ഫാത്തിമ (3) യും. കഴിഞ്ഞ 5 വർഷം പ്രധാനമന്ത്രി മോദി രാജ്യത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചുവെന്ന് മുസ്താഖ് വിശ്വസിക്കുന്നു. തന്റെ മകനും വലുതാകുമ്പോൾ മോദിയെ പോലെ ഉന്നത നിലയിലെത്തണമെന്നതാണ് ഇയാളുടെ ആഗ്രഹം. 

മോദിയുടെ ഹിന്ദുത്വ പ്രതിച്ഛായയെക്കുറിച്ചും വർഗീയ നിലപാടിനെക്കുറിച്ചുമൊന്നും മുസ്താഖ് തർക്കിക്കാനില്ല. അദ്ദേഹം അങ്ങനെയൊക്കെയാണെങ്കിൽ പിന്നെങ്ങനെ ഇത്ര വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി എന്നാണ് മുസ്താഖിൻ്റെ ചോദ്യം. മികച്ച നേതാവാണദ്ദേഹം; ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും. എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം സംരക്ഷിക്കും. കുഞ്ഞു മോദിയെ കാണാൻ ഗ്രാമത്തിലെ വീട്ടിലേക്ക് ജനത്തിരക്കാണെന്ന് മുസ്താഖ് പറയുന്നു. പലരും സമ്മാനങ്ങളുമായാണ് എത്തുന്നത്. ഇൗ പിതാവിന് ചെറിയൊരു ആശങ്കയും ഇല്ലാതില്ല. ഒരു പക്ഷേ, കുട്ടിയായിരിക്കുമ്പോൾ ഇഷ്ടമില്ലാത്ത ആളുകൾ മകനെ മോദിയെന്ന് വിളിച്ച് കളിയാക്കിയേക്കാം. എന്നാൽ അവൻ വലുതാകുമ്പോൾ അവർ തന്നെ ആ പേര് വിളിച്ച് അഭിമാനം കൊള്ളും. സാമ്പത്തിക ഞെരുക്കമുള്ളതിനാൽ കുറച്ച് കഴിഞ്ഞ് മാത്രമേ മുസ്താഖ് മോദിയെ കാണാൻ നാട്ടിലേക്ക് പോവുകയുള്ളൂ. രാജ്യത്തിന് ഒരു മോദിയേയുള്ളൂ. എനിക്കാണെങ്കിൽ രണ്ടും– ഇരുപത്തിഒൻപത്കാരനായ പിതാവ് ചിരിച്ചുകൊണ്ട് പറയുന്നു.