അങ്ങനെ പ്രവാസത്തിലെ പ്രളയത്തെയും നമ്മൾ അതിജീവിച്ചിരിക്കുന്നു. മഴയും കെടുതികളും കടന്ന് പോയി.

അങ്ങനെ പ്രവാസത്തിലെ പ്രളയത്തെയും നമ്മൾ അതിജീവിച്ചിരിക്കുന്നു. മഴയും കെടുതികളും കടന്ന് പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെ പ്രവാസത്തിലെ പ്രളയത്തെയും നമ്മൾ അതിജീവിച്ചിരിക്കുന്നു. മഴയും കെടുതികളും കടന്ന് പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെ പ്രവാസത്തിലെ പ്രളയത്തെയും നമ്മൾ അതിജീവിച്ചിരിക്കുന്നു. മഴയും കെടുതികളും കടന്ന് പോയി. നാടും നഗരവും പഴയ പോലെയായി. തിരക്കേറിയ പാതകളിൽ വാഹനങ്ങൾ പതിവു പോലെ ഓടാൻ തുടങ്ങി. മനുഷ്യരെത്ര പെട്ടെന്നാണ് എല്ലാം മറന്നുപോകുന്നത്!

2018ലും 2020ലും കേരളം നേരിട്ട പ്രളയത്തിന് സമാനമായിരുന്നു ഇവിടുത്തെ പ്രളയവും കെടുതിയും. രണ്ട് പ്രളയങ്ങളെയും നേരിടാൻ അന്ന് കേരളീയർക്കൊപ്പം പ്രവാസലോകത്തെ മലയാളികളും കട്ടയ്ക്ക് നിന്നു. വർധിച്ച വിമാനക്കൂലി പോലും പരിഗണിക്കാതെ നാട്ടിൽ ചെന്ന് സന്നദ്ധ സേവനം നടത്തിയവരും, ജോലിയും യാത്രാ ചെലവും കാരണം നാട്ടിൽ പോകാൻ കഴിയാതെ മനസ്സും സാമ്പത്തികവും കൊണ്ട് പിന്തുണ നൽകിയവരും ഏറെയുണ്ടായിരുന്നു. അന്ന് പ്രവാസികൾ ആരും കരുതിയിരുന്നില്ല, കാലം ഇങ്ങനെയൊരു പ്രളയത്തിൽ ഈ അന്യനാട്ടിലും നമ്മെ നീന്തിപ്പിക്കുമെന്ന്. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ യുഎഇ അനുഭവിച്ചത് അതിന്‍റെ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയായിരുന്നു. പ്രവാസലോകത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ മലയാളികൾ ഈ ദുരന്തത്തിന്‍റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ ദുരിതത്തിൽ മലയാളി സമൂഹം കാഴ്ചവെച്ച ഐക്യവും സഹാനുഭൂതിയും എല്ലാവരെയും വിസ്മയിപ്പിച്ചു.ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത മലയാളികൾ സ്വന്തം നാട്ടിൽ സംഭവിച്ച ദുരന്തത്തിൽ പ്രവർത്തിക്കുന്നതുപോലെ വികാരാത്മകതയോടെയും ഊർജ്ജത്തോടെയും പ്രവർത്തിച്ചു. ദുരിതബാധിതർക്ക് ഭക്ഷണം, വസ്ത്രം, അഭയം എന്നിവ നൽകാൻ അവർ ഒന്നിച്ചു നിന്നു.

ഈ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളോ ഇന്ത്യക്കാരോ ആണെന്നതിനാലല്ല ഈ ഐക്യം പ്രകടമായത്. സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയും മലയാളികളുടെ സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരായ ജനവിഭാഗങ്ങളിൽ ഒന്നിൽ നിന്നുള്ള ഈ സമീപനം യുഎഇയിലെ സ്വദേശികളെയും അന്യരാജ്യക്കാരെയും അത്ഭുതപ്പെടുത്തിയില്ല. കാരണം, യുഎഇയുടെ ചരിത്രം മുതൽ തന്നെ ഈ രാജ്യത്തെ മലയാളികൾ രണ്ടാനമ്മയായി ചേർത്തുപിടിച്ചിട്ടുണ്ട്.

മഴക്കെടുതി ഏറ്റവുമധികം അനുഭവിച്ച ഷാർജയിൽ മലയാളികൾ (ഇവരിൽ സൂപ്പർ മാർക്കറ്റുകളിലെ ഡെലിവറി ബോയി മുതൽ ഉന്നതോദ്യോഗസ്ഥർ വരെയുണ്ട്) എല്ലാ വെള്ളക്കെട്ടുകളും തുഴഞ്ഞ് അവർ നടത്തിയ സന്നദ്ധസേവനം ​ഈ രാജ്യത്തിന്‍റെ ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തുകതന്നെ ചെയ്യും. എന്നാൽ, ഇത്തരമൊരു സങ്കീർണ നിമിഷത്തിൽ പ്രവാസികളിൽ പലരെയും ഖേദിപ്പിച്ച ഒരു കാര്യം പറയാതിരിക്കാനാവില്ല. മഴവെള്ളപ്പാച്ചിലിന്‍റെ കുത്തൊഴുക്കിലെന്നപോലെ ദുഃഖത്തിന്‍റെ ആഴിയിൽ ഉഴറുമ്പോൾ നാട്ടിൽനിന്ന് പ്രിയപ്പെട്ടരുടെ ഒരു ക്ഷേമാന്വേഷണം പലപ്പോഴും പ്രവാസികളെ സാന്ത്വന തീരത്തെത്തിക്കാറുണ്ടല്ലോ. യുഎഇയെ രണ്ടു മൂന്ന് ദിവസമെങ്കിലും പ്രതിസന്ധിയിലാക്കിയ മഴ നാട്ടിലെ പ്രിയപ്പെട്ടവരിൽ ചിലരെ സ്പർശിച്ചേയില്ല എന്ന അറിവ് പലരെയും ഏറെ ദുഃഖിപ്പിച്ചു. 

നാട്ടിലെ ഓരോ സ്പന്ദനവും നെഞ്ചേറ്റുന്നവരാണ് നമ്മൾ, പ്രവാസികൾ. എല്ലാ ദിവസവും നാട്ടിലേക്ക് ഫോണും വിഡിയോ കോളും ചെയ്ത് ക്ഷേമമന്വേഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഖുബൂസും തൈരും കൂട്ടി പശിയടക്കുന്നവരുടെ കാലം കഴിഞ്ഞുവെങ്കിലും, ശക്തമായൊരു മഴ പെയ്താൽപോലും വേവലാതിയോടെ, അവിടെ പ്രശ്നമൊന്നുമില്ലല്ലോ, സുരക്ഷിതരാണല്ലോ എന്ന് ഉറപ്പുവരുത്തുന്നവർ. പ്രളയമുണ്ടായപ്പോഴും കോവിഡ്-19 കാലത്തിലും ഗൾഫിൽനിന്നുള്ള സാന്ത്വനവും സഹായവും ആരും മറന്നിരിക്കില്ല എന്ന് കരുതുന്നു. ഇവിടെ, ദുബായ് വർസാനിലെ കോവിഡ് ക്യാംപിൽ കൊറോണ വൈറസിന്‍റെ കരാളഹസ്തത്തിൽ ശ്വാസം മുട്ടുമ്പോഴും പ്രവാസികളുടെ ചിന്തകളും ആശങ്കയും നാട്ടിലെ കുടുംബത്തെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. 

ADVERTISEMENT

പക്ഷേ, എന്നിട്ടും പ്രിയപ്പെട്ട ബന്ധുക്കളേ, നിങ്ങൾ ഞങ്ങളുടെ പ്രതിസന്ധി കാലത്ത് ഒരു ക്ഷേമാന്വേഷണം പോലും നടത്തിയില്ലല്ലോ എന്ന വിഷമം പ്രവാസി സുഹൃത്തുക്കൾ പലരും പങ്കുവച്ചപ്പോൾ ശരിയാണല്ലോ, വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നവരായിട്ട് പോലും ആരും ക്ഷേമം ആരാഞ്ഞില്ലല്ലോ എന്ന തിരിച്ചറിവ് എന്നെയും ചിന്തിപ്പിച്ചു. പ്രിയ പ്രവാസി സുഹൃത്ത് രാജീവ് പിള്ളയുടെ എഫ് ബി പോസ്റ്റ് മാത്രം മതി ഈ ഒരവസ്ഥയുടെ കാഠിന്യം തിരിച്ചറിയാൻ. രാജീവ്(ഒട്ടേറെ രാജീവുമാർ) നോവുന്ന വാക്കുകളാൽ കുറിച്ചു:

പ്രവാസത്തിന്‍റെ പ്രയാസം ഉറ്റവരെ പോറ്റിടുവാൻ ഉടൽ വേവിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ !. നാട്ടുകാരുടെ കല്യാണത്തിനും പാലുകാച്ചലിനും ചികിത്സയ്ക്കും അതിലുപരി രാഷ്ട്രീയക്കാർ ചോദിക്കുമ്പോഴൊക്കെ വാരിക്കോരി കൊടുക്കുന്നവർ. മക്കളുടെ ബയോഡേറ്റ അയച്ചുതന്നിട്ട് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടുത്താൻ പറയുന്നവർ. ജന്മനാട്ടിൽ പ്രളയം വന്നപ്പോൾ ഞങ്ങൾ ദിവസങ്ങളോളം ഉറങ്ങാതെ ഞങ്ങളുടെ കയ്യിലുള്ളതെല്ലാം നൽകി. ആ ഞങ്ങൾ ഈ പ്രളയത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ആരും ഒരു മെസ്സേജ് പോലും അയച്ചില്ല, ഫേയ്സ്ബുക്കിൽ ഞങ്ങൾക്ക് അനുകൂലമായി ഒന്നും എഴുതിയതുമില്ല. സ്വാർത്ഥമാം ഈ കപടലോകത്തിന്‍റെ നേർക്കാഴ്ചയാണിത്. ഞങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു, എന്നിട്ടും അവരുടെ ഹൃദയങ്ങൾ മറന്നു. ചിലപ്പോൾ ദയയുടെ പ്രതിധ്വനി നിശബ്ദതയിലേക്ക് മങ്ങുന്നു”.  തുടർന്നുള്ള ദിനങ്ങളിൽ നാട്ടുകാരുടെ അപേക്ഷകൾ ഞാനോ എന്നിൽകൂടിയോ സ്വീകരിക്കുന്നതല്ല എന്ന് ഉറപ്പിക്കുകയാണ് –രാജീവ് പിള്ളൈ, ദുബായ്.

പ്രിയ രാജീവേ, ഈ വരികളിൽ ഹൃദയനോവ് വായിക്കുന്നു. എങ്കിലും, എന്തു വാരിക്കോരി നൽകിയാലും ഒന്നും തിരികെ പ്രതീക്ഷിക്കരുത് എന്ന കലികാലപാഠം ഉൾക്കൊള്ളുക. 'ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ, കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം' എന്ന് എഴുത്തച്ഛൻ പണ്ടേ പാടിയിട്ടുണ്ടല്ലോ. കുടുംബവും സുഹൃത്തുക്കളും നമ്മുടെ സുരക്ഷിത താവളമാകണം. മിക്കപ്പോഴും, നമ്മൾ ആഴത്തിലുള്ള സാന്ത്വനം കണ്ടെത്തുന്ന സ്ഥലമാണത്. പ്രവാസിയെ അടുത്തറിഞ്ഞ അജ്ഞാതനായ ഒരാൾ കുറിച്ച ഈ വരികളും കൂടെ വായിക്കുക.

പ്രവാസത്തിന്‍റെ പ്രയാസം. അബ്ദുൽ റഹീം Credit-special arrangement

∙ അബ്ദുൽ റഹീമിന്‍റെ മോചനം: എ റിയൽ കേരള സ്റ്റോറി
കുറച്ച് കാലം മുൻപാണ്. ഒരു ദിവസം പകൽനേരത്ത് അജ്ഞാത ലാൻഡ് ലൈൻ നമ്പരിൽ നിന്നൊരു ഫോൺകോൾ എന്നെത്തേടിയെത്തി. ദുബായ് അൽ അവീർ ജയിലിൽ നിന്നാണ്. ഒരു മലയാളി യുവാവ്. വിവിധ കേസുകളിൽപ്പെട്ട് ശിക്ഷയനുഭവിക്കുന്ന ഇന്ത്യൻ തടവുകാരെ യുഎഇയിലെ ജയിലുകളിൽ നിന്നും യുഎഇ തടവുകാരെ ഇന്ത്യയിൽ നിന്നും പരസ്പരം അവരവരുടെ രാജ്യത്തെ ജയിലുകളിലേയ്ക്ക് മാറ്റുന്നു എന്ന വാർത്തയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എന്തെങ്കിലും അറിയാമോ എന്ന് ആരാഞ്ഞായിരുന്നു ആ കോൾ. തുടർന്നും ആ യുവാവ് ഇടയ്ക്കിടെ ഫോൺ വിളിച്ചുകൊണ്ടിരുന്നു. പിന്നെപ്പിന്നെ അയാൾ അയാളെക്കുറിച്ച് കൂടുതൽ പറഞ്ഞുതുടങ്ങി. 

ADVERTISEMENT

ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കമ്പനി താമസ സ്ഥലത്ത് സഹപ്രവർത്തകരുമായി എന്നും രാത്രി മദ്യപിക്കും. കൂട്ടത്തിൽ ഇന്ത്യക്കാർ മാത്രമല്ല, അയൽരാജ്യക്കാരുമുണ്ട്. ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട് വാക്കു തർക്കമുണ്ടായി. കൈയിൽ കിട്ടിയതെന്തോ എടുത്ത് ഇയാൾ ഒരു സഹപ്രവർത്തകന്‍റെ തലയ്ക്കടിച്ചു. അയാൾ പിടഞ്ഞുവീണ് മരിച്ചു. അഞ്ച് വർഷത്തിലേറെയായി കോടതിവിധിച്ച ശിക്ഷ അതനുഭവിക്കുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും വല്ലാത്ത മടുപ്പ്. നാട്ടിലായിരുന്നെങ്കിൽ അവിടെയാണെന്ന ആശ്വാസമെങ്കിലുമുണ്ടാകുമായിരുന്നു എന്നതുകൊണ്ടാണ് ആ യുവാവ് അക്കാര്യം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷേ, അത്തരമൊരു തീരുമാനം ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് നേരത്തെ കേട്ടിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല. യുഎഇയിലെ ജയിലുകളിൽ ഒട്ടേറെ ഇന്ത്യക്കാർ തടവുശിക്ഷനുഭവിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ജയിലുകളിൽ ഈ നാട്ടുകാര്‍ ഉണ്ടോ  എന്ന കാര്യത്തിൽപ്പോലും സംശയമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഈ ഒരു കൈമാറ്റത്തിന് പ്രസക്തിയുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ചെയ്തുപോയ തെറ്റിന്‍റെ പശ്ചാതാപത്താൽ ഗൾഫിലെ ജയിലുകളിൽ നീറിനീറിക്കഴിയുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ. അവരിലൊരാൾ മാത്രമാണ് ഈ യുവാവ്.

അഞ്ച് വർഷം തടവനുഭവിച്ചപ്പോൾ തന്നെ ആ യുവാവ് ജയിൽജീവിതം മടുത്തു നിരാശനായപ്പോൾ, നീണ്ട രണ്ടു ദശാബ്ദത്തോളമായി സൗദിയിൽ തടവനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ അവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. ഏതോ ഒരു അഭിശപ്ത നിമിഷത്തിൽ ഈ യുവാവിന് സംഭവിച്ചുപോയ കൈപ്പിഴയിൽ സ്വദേശി കുടുംബത്തിലെ ചലനശേഷിയില്ലാത്ത കുട്ടിയുടെ ജീവനാണ് പൊലിഞ്ഞത്. അയാൾക്ക് മാപ്പു കൊടുക്കണമെങ്കിൽ 34 കോടി രൂപയ്ക്ക് തുല്യമായ ദയാധനം (ബ്ലഡ് മണി)യാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. വർഷങ്ങളായി മകനെക്കാത്ത് കഴിയുന്ന റഹീമിന്‍റെ മാതാവ് കേരളത്തിന്‍റെ തന്നെ നൊമ്പരമായി. റഹീമിന് വേണ്ടി മലയാളികൾ ഒന്നടങ്കം കളത്തിലിറങ്ങാൻ താമസമുണ്ടായില്ല. മോചനത്തിനായി നൽകേണ്ടിയിരുന്ന പണം എത്ര പെട്ടെന്നായിരുന്നു എല്ലാവരും ചേർന്ന് സമാഹരിച്ചത്! അനിശ്ചിതത്തിനൊടുവിൽ റഹീമിന്‍റെ കാലം കരുതിവെച്ച മോചന സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. 

റഹീം ജോലിക്ക് കയറി 28 ദിവസം കഴിഞ്ഞപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വീട്ടിലെ ഡ്രൈവറായ അബ്ദുൽ റഹീം ചലന ശേഷിയില്ലാത്ത 15 വയസുകാരനായ അനസ് അൽ ഷഹ് രി എന്ന കുട്ടിയുമായി കാറിൽ പോകുമ്പോൾ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ശ്വസനയന്ത്രം അബദ്ധത്തിൽ കൈ തട്ടി നീങ്ങുകയും കുട്ടി ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. പക്ഷേ, ശക്തമായ നിയമവ്യവസ്ഥയുള്ള സൗദിയിൽ കോടതിവിധിച്ച വധശിക്ഷയുടെ അറ്റത്ത് നിന്നാണ് ഈ യുവാവ് രക്ഷപ്പെടുന്നത്. ആ മോചന വാർത്ത, ജാതിമത വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കുന്ന പുതുതലമുറയുടെ നാടായ കേരളത്തിന്‍റെ വിജയകഥയാണ് പറയുന്നത്. എ റിയൽ കേരള സ്റ്റോറി.

ലാ പത്താ ലേഡീസ് . Credit-special arrangement

∙ ലാ പത്താ ലേഡീസ്; വധുമാരെ കാണാതാകുമ്പോൾ
നിഷ്കളങ്ക ഗ്രാമീണരുടെ കഥ പറയുന്ന ലാ പത്താ ലേഡീസ് എന്ന ഹിന്ദി സിനിമ ഗൾഫിലെ സിനിമാ പ്രേമികളുടെ മനസ്സ് നിറയ്ക്കുന്നു. ഹാസ്യ മേമ്പൊടിയോടെ സാമൂഹിക വിമർശനം കൂടി നടത്തുന്നു, കിരൺ റാവു സംവിധാനം ചെയ്ത ഈ കുഞ്ഞുസിനിമ. വിവാഹം കഴിഞ്ഞ് മുഖം മുഴുവൻ മറച്ചുള്ള പരമ്പരാഗത വസ്ത്രമണിഞ്ഞ് ട്രെയിനിൽ കയറുന്ന വധൂവരന്മാരിൽ രണ്ടുപേർ പരസ്പരം മാറിപ്പോകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ലാപത്താ ലേഡീസ് പറയുന്നത്. ആദ്യാവസാനം വരെ രസമായി കണ്ടിരിക്കാവുന്ന ചിത്രം പരമ്പരാഗത സമ്പ്രദായങ്ങളെ മുറുകെ പിടിച്ച് ജീവിക്കാൻ വിധിക്കപ്പെടുന്ന ഇന്ത്യയിലെ ഗ്രാമീണ മനുഷ്യരുടെ നിസ്സഹായവസ്ഥയുടെ ജീവിതം കൂടി തുറന്നുകാട്ടുന്നു. നെറ്റ് ഫ്ലിക്സിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

പൊനം (നോവൽ)–കവർ Credit-special arrangement

∙ മായിലം മൊട്ടേ ബെള്ളക്കാനം ബനം അഥവാ പൊനം
ബിരുദ പഠന കാലത്തായിരുന്നു ഞാൻ കു‌ടുംബ സ്വത്തായ അടയ്ക്കാ തോട്ടത്തിന്‍റെ സംരക്ഷകനായത്. ജീവിതത്തിലെ  അവിസ്മരണീയമായ, സവിശേഷ അനുഭവമായിരുന്നു അത്. കിലോ മീറ്ററുകളോളം സഞ്ചരിച്ച് വേണം കേരള–കർണാടക അതിർത്തിയിലെ അ‍ഡൂർ പള്ളങ്കോട് മണ്ണിയൂരിലെ തോട്ടത്തിലെത്താൻ. 

യാത്രാമധ്യേ ഗ്വാളിമുഖം എന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ കാടാണ്. 'ഫോറസ്റ്റ് കാട്''! മനസിന് മാത്രമല്ല, ശരീരത്തിനും കുളിർമ പകരുന്ന പ്രദേശം. പള്ളങ്കോട് പുഴയ്ക്ക് ഇപ്പുറം ബസിറങ്ങി തോണിയിൽവേണം അക്കരെ പോകാൻ. (വേനൽക്കാലത്ത് കാര്യമായി വറ്റാത്ത വെള്ളത്തിലൂടെ പുഴമുറിച്ചു കടക്കുന്ന ബസിലെ യാത്ര നേരിയ ആശങ്കിയുണ്ടാക്കിയിരുന്നെങ്കിലും ഇന്ന് കൗതുകമായി തോന്നുന്നു. (പിന്നീടവിടെ തൂക്കുപാലവും വൈകാതെ കോൺക്രീറ്റ് പാലവും യാഥാർഥ്യമായി). പയസ്വിനി പുഴയെ തഴുകിയെത്തുന്ന മന്ദമാരുതന്‍റെ തലോടലേറ്റുള്ള തോണി യാത്ര കഴിഞ്ഞാൽ ചന്ദ്രേട്ടനും ചേച്ചിയും ചേർന്ന് നടത്തുന്ന ചെറിയൊരു ഹോട്ടൽ. ചന്ദ്രേട്ടന്‍റെ പതിവു കസ്റ്റമറിൽ ഒരാളായിരുന്നു, ആഴ്ചയിലൊന്നോ രണ്ടോ തവണയെത്തുന്ന ഞാൻ. ചോറിന് കൂട്ടാൻ മിക്കപ്പോഴും ഉണക്ക മീൻ കറിയും ഗ്രാമീണനായ ചന്ദ്രേട്ടന്‍റെ വീട്ടുവളപ്പിൽ വിളഞ്ഞ പച്ചക്കറികളും. വളരെ കുറച്ച് മാത്രം ഉണ്ടാക്കുന്നതിനാൽ ഞാനെത്തുമ്പോൾ പലപ്പോഴും കറികളെല്ലാം തീർന്നിട്ടുണ്ടാകും. എന്നെക്കണ്ടാൽ ധൃതയിൽ എന്തെങ്കിലും ഉണ്ടാാക്കിത്തരും. അതു അവിടുത്തെ മരബെഞ്ചിലിരുന്ന് കഴിക്കുമ്പോഴുണ്ടല്ലോ എന്‍റെ സാറേ...  സത്യം പറയാമല്ലോ, ആ നാടനൂണിന്‍റെ രുചികൾ ഏത് ഇൻഫ്ലുവൻസറെ കൊണ്ട് പറയിച്ചാലും റസ്റ്ററന്റുകളുടെ പൂരപ്പറമ്പായ ദുബായില്‍ നിന്നുപോലും ലഭിക്കില്ല. പുഴയോട് ചേർന്നുള്ള, പേരറിയാ ചെടികളും വൃക്ഷങ്ങളും നിബിഡമായ ഇടവഴിയിലൂടെ കുന്നുകയറിയും ഇറങ്ങിയും കുറേ നടന്നുവേണം തോട്ടത്തിലെത്താൻ.

അഡൂർ ടൗൺ. Credit-special arrangement

അങ്ങോട്ടുപോകാതെ നേരെ, അഡൂർ ടൗണിലെത്താൻ കിലോ മീറ്ററുകളോളം നടക്കണം. അല്ലെങ്കിൽ അക്കരെ നിന്ന് ജീപ്പ് സർവീസുണ്ട്. പ്രശസ്തമായ അഡൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നതുമാത്രമല്ല, എന്‍റെ ഉപ്പ കുറേക്കാലം ചെറിയൊരു വസ്ത്രാലയം നടത്തിയിരുന്ന ഗ്രാമീണടൗൺ കൂടിയാണത്. അടയ്ക്കാ കിളികൾ വട്ടമിട്ടു പറക്കുന്ന അ‍ഡൂർ ടൗണിനെക്കുറിച്ച് ഒാർക്കുമ്പോൾ പലപ്പോഴും മുന്നിൽ വന്നുനിൽക്കുന്ന കുറേ കഥാപാത്രങ്ങളുണ്ട്. അവരിൽ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച, അവിടെ അടയ്ക്കാ വ്യാപാരിയായ ബന്ധു കുഞ്ഞിപ്പച്ചയെ ഒരിക്കലും മറക്കാനാകില്ല. ആ കട വരാന്തയിലെ സിമന്റ് തിട്ടയിലിരുന്ന് അകലേയ്ക്ക് നോക്കിയാൽ ബന്തടുക്കയിലേയ്ക്കും സുള്ള്യയിലേയ്ക്കും കയറിപ്പോകുന്ന പച്ചയായ കാട് കാണാം. മായിലം മൊട്ടേ ബെള്ളക്കാനം ബനം. അന്തുമാൻച്ചയുടെ ഭാഷയിൽ പറഞ്ഞാൽ ഫുൾ ഒാഫ് ഫോറസ്റ്റ് കാട്! (സർക്കാർ വനത്തെ ഫോറസ്റ്റ് കാടെന്നും സ്വകാര്യ വനങ്ങളെ സാദാ കാടെന്നും പറയാറുള്ള അന്തുമാൻച്ചയായിരുന്നു ഞങ്ങളുടെ അടയ്ക്കാ തോട്ടത്തിലെ കാര്യസ്ഥൻ). 

വർഷങ്ങൾക്കിപ്പുറം എന്നെ വീണ്ടും അവിടേയ്ക്കെല്ലാം കൂട്ടിക്കൊണ്ടുപോയത് നാട്ടുകാരനായ കെ.എൻ. പ്രശാന്തിന്‍റെ പൊനം എന്ന നോവലാണ്. അഡൂർ ഉൾപ്പെട്ട കേരള–കർണാടക അതിർത്തിപ്രദേശത്തിലെ വനമാണ് ഈ നോവലിന്‍റെ പശ്ചാത്തലം. ‌കൊല്ലും കൊലയും രതിയും കാമവും പ്രണയവും ഇണപ്പാമ്പുകളെപ്പോലെ ചുറ്റിവരിഞ്ഞുകൊണ്ടിരിക്കുന്ന അധ്യായങ്ങൾ. തലമുറകളുടെ കഥ മാറിമാറി പറയുമ്പോൾ ഗതിവിഗതികളെ പിന്തുടരാൻ വായനയിൽ ഇത്തിരി കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട് എന്നതൊഴിച്ചാൽ വളരെ ആസ്വദിച്ച് വായിക്കാവുന്ന നോവലാണിത്.

വാൽശല്യം
നാട്ടിലെത്തിയ ഗൾഫുകാരൻ: ഇന്നും പുറത്ത് ബെൻസ്; അകത്ത് പെട്ടിയോട്ടർഷേം.

English Summary:

Pravasi Malayali : Column by Sadiq Kavil