പിറവിയാൽ

പേർഷ്യൻ പഥമാണ്

'ബാപ്പ'....

'ബാല്യകാല സഖിയിൽ '

ബഷീർ വരച്ചിട്ടതാണ്

ബാപ്പയുടെ നിർവ്വചനം.

ഉമ്മയെ കുറിച്ചൊത്തിരി

കവിതകൾ

ജൻമമെടുക്കുമ്പോൾ

സ്നേഹത്തിൻ

ഋതു ഭേദമാം ബാപ്പയെ

രേഖപ്പെടുത്താതെ

പെയ്തൊഴിയുന്നു!

ബാപ്പയുടെ കണ്ണുനീർ

ബാഷ്പീകരിച്ചാണ്

മഴയിലെ മഴത്തുള്ളികൾ

ഉതിർന്നു വീഴുന്നത്.

മണ്ണിൽ പെയ്തുവീണ

ബാപ്പയുടെ വിയർപ്പ്

കണങ്ങളിൽ നിന്നുമാണ്

പുതുമഴയുടെ മണ്ണിൻ

ഗന്ധം വമിക്കുന്നത്.

തഴമ്പിച്ച കൈകളാൽ

മണ്ണിൽ വിതക്കുന്ന

കവിതകൾ വിറ്റാണ്

ഉപജീവനം.

രാവിൻ വ്യഥയിൽ

നോവിനാൽ

മൂടിപ്പുതച്ചുറങ്ങുമ്പോൾ

നനുത്ത

ഹിമ കണങ്ങളായ്

പെയ്തിറങ്ങുന്ന

ഒലീവിൻ ശിഖരങ്ങളിലാണ്

ബാപ്പയെക്കുറിച്ചുള്ള

ഓർമ്മകൾ

കൂട് കൂട്ടുന്നത്.

നദിയും രാവും

തെളിഞ്ഞ സന്ധ്യയിൽ

ഗസൽ മീട്ടുന്നത്

ബാപ്പയെകുറിച്ചുള്ള

ഓർമ്മയാലാണ്.

ഓർമ്മയിലെ

ചിത്രശലഭങ്ങൾ

പരാഗം തേടിയലയുമ്പോൾ

ബാപ്പയുടെ

ഖബറിൻ മീതെ

തളിർത്ത

മൈലാഞ്ചിച്ചെടിയിലെ

പുഷ്പങ്ങളിലേക്ക്

ഇശ്ഖിൻ കവാടത്തിലൂടെ

ഓർമ്മകളെ നീ

മോചിപ്പിക്കുക.

സ്മാരക ശിലയിൽ

കൊത്തിവെച്ച ലിഖിതങ്ങൾ

നിന്റെ ആയുസ്സിൻ

പുസ്തകത്തിൽ

സമയത്തിൻ കവിതകൾ

രചിച്ചു കൊണ്ടിരിക്കും...