കഷ്ടത പട്ടിണി ദുഃഖം മുറവിളി 

കേൾക്കാത്ത നാടിനെ സ്വപ്നമായേകിയ 

നല്ലവനാകുമെൻ ഈശോയേ

നൽകുന്നെൻ മാനസം നിനക്കായ്... 

മനുഷ്യരെല്ലാം പൊയ്മുഖങ്ങൾ മാത്രം

മാറാത്തവൻ നീ ഇമ്മാനുവേൽ മാത്രം

എന്നുമെൻ കൂട്ടായിരുന്നരികിലെത്തി 

എൻ ദുഖങ്ങളൊക്കെയും പേറുന്ന നല്ല സഖി.

മുറിച്ചു നീയേകിയപ്പക്കഷണങ്ങളൊക്കെയും 

മുറിവായിത്തീരുമെന്നോർത്തീല ഞാൻ

പെസഹായുടെ കുഞ്ഞാടിനെ വെട്ടുവാനായ് 

പരീശൻ വച്ചോരു കെണിയാണെന്നറിഞ്ഞീല ഞാൻ 

പകർന്നു നീ ഏകിയ വീഞ്ഞിന്റെ വീര്യത്തിൽ

പലതും മറന്നവർ നിന്നെയും പിന്നെയെന്നെയും

നിന്നോർമ്മക്കായി എന്നും വിശുദ്ധിയോടപ്പം 

നുറുക്കുവാൻ ചൊന്ന തിരുവുള്ളം ഉരുകുന്നീലെ ?

ഒടുവിൽ പരീശൻ തന്നെയപ്പം നുറുക്കുമെന്നു

ഒരിക്കലുമോർത്തീലെ നാഥാ മുൻകൂട്ടി നീ...

മാനസാന്തരമില്ലാത്തോർ കുഞ്ഞാടിൻതോലു

മാറാപ്പിലേന്തിയവർ ഉടക്കുന്നു നിൻ ദേഹം... 

ഊറ്റുന്നു നിൻ രക്തം പാനീയമായി ചഷകത്തിൽ 

ഉളിപ്പില്ലാതെ നിൻ വേലയെന്നു ചൊല്ലി വിലസുന്നു 

പാപികൾ ഞങ്ങളെന്നു മുദ്രകുത്തുന്നു ദിനം തോറും

പവിത്രരാണ് തങ്ങളെന്ന് സ്വയം ഭാവിച്ചു കഴിയുന്നു. 

കാക്കകൾ തൻ കൂട്ടിൽ കടന്നുവന്ന കഴുകനെപോൽ 

കഴുകിയാൽ മായാത്ത അഹന്തയുമായവർ നിൻ പേര് 

ചൊല്ലി ഭയപ്പെടുത്തുന്നടിയങ്ങളെ, പിടിച്ചുനിൽകുവാൻ 

ചൊരിയുക അനന്തമാം കൃപാവരങ്ങൾ കനിവായി...

കുരുടന്മാരായ വഴികാട്ടികളായവർ വളക്കുന്നു വചനം 

കുസൃതി മാറാത്ത കുട്ടികളെപ്പോലെ മടികൂടാതെ 

വറ്റിവരണ്ട നീർത്തോടുപോലെ സ്നേഹം വരണ്ടവർ 

വിലസുന്നിഹത്തിൽ വരില്ലേ നീ ജ്വാലയായ് വേഗം...