കഴിഞ്ഞ ഇരുപത്തിയൊന്നു കൊല്ലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു പ്രവാസി ആണ് ഞാൻ. ഒരു കൊല്ലം മുൻപു

കഴിഞ്ഞ ഇരുപത്തിയൊന്നു കൊല്ലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു പ്രവാസി ആണ് ഞാൻ. ഒരു കൊല്ലം മുൻപു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഇരുപത്തിയൊന്നു കൊല്ലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു പ്രവാസി ആണ് ഞാൻ. ഒരു കൊല്ലം മുൻപു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഇരുപത്തിയൊന്നു കൊല്ലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു പ്രവാസി ആണ് ഞാൻ. ഒരു കൊല്ലം മുൻപു കൊറോണ താണ്ഡവനൃത്തം തുടങ്ങിയ കാലത്ത്, അമേരിക്കയിൽ കേസുകൾ കുതിച്ചുയരുമ്പോഴും നെഞ്ച് പിടഞ്ഞു കൊണ്ടിരുന്നത് എന്റെ ഇന്ത്യയെ ഓർത്തായിരുന്നു, കേരളത്തെ ഓർത്തായിരുന്നു. ഓരോ തവണ പരുക്കുകൾ ഏൽക്കാതെ നമ്മുടെ നാട് രക്ഷപെടുമ്പോഴും ആശ്വസിച്ചു.. ഓരോ അശ്രദ്ധയിലും ആകുലപ്പെട്ടു.. പ്രായമായ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ അങ്ങനെ അങ്ങനെ, എല്ലാവരും സുരക്ഷിതരായി ഇരിക്കണേ എന്ന പ്രാർഥന മാത്രം സദാ നെഞ്ചിൽ ഉണർന്നു കൊണ്ടിരുന്നു. വാക്സീൻ വന്നതോടെ എല്ലാം ശുഭമാകാൻ പോകുന്നു എന്നു വ്യാമോഹിച്ചു. ഈ വേനലവധിക്കെങ്കിലും നാട്ടിലെത്തി അച്ഛനമ്മമാർക്കൊപ്പം നിൽക്കാം എന്നു കിനാവ് കണ്ടു. എല്ലാം മാഞ്ഞു പോവുകയാണ്.കിനാവും പ്രതീക്ഷകളും എല്ലാം. ആശങ്കകളും വേദനകളും വീണ്ടും പണ്ടത്തേതിനേക്കാൾ ആഴത്തിൽ വേരൂന്നുകയും.

ബിബിസിയുടെ ഒരു വിഡിയോയിൽ കണ്ടു, ബോധം മറഞ്ഞു പോകുന്ന സഹോദരനുമായി ആശുപത്രിക്കു പുറത്തുള്ള നീണ്ട ക്യൂവിൽ മണിക്കൂറുകളായി നിൽക്കുകയാണ് ഒരു സ്ത്രീ. ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ ബോധാവസ്ഥയിലേക്ക് കൊണ്ടു വരാൻ വേണ്ടി 'ബാലാജി, ബാലാജി' എന്നു നിസ്സഹായയായി ദേഹത്തു തട്ടി വിളിക്കുന്നുണ്ട് അവർ. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും വ്യർത്ഥമായ വിളികൾക്കും അപ്പുറം അവരുടെ കണ്മുന്നിൽ ആ ജീവൻ നിലച്ചു പോകുന്നു. ഓർക്കാൻ പോലും കഴിയുന്നില്ല ആ അവസ്ഥ. ഇതു പോലെ എത്രയെത്ര കാഴ്ചകൾ, എത്രയെത്ര 'വിലയില്ലാതായിപ്പോകുന്ന' ജീവിതങ്ങൾ.. നോക്കി നിൽക്കെ പ്രിയപ്പെട്ടവരുടെ ചലനം നിലച്ചു പോകുന്നതു കാണേണ്ടി വരുന്നവർ. എന്തു വില കൊടുത്തും ആ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോഴും കൈക്കുമ്പിളിൽ നിന്ന് അതൂർന്നു പോകുമ്പോൾ നിസ്സഹായതയോടെ തരിച്ചു നിൽക്കേണ്ടി വരുന്നവർ. പ്രിയപ്പെട്ടവരുടെ ശവശരീരങ്ങളുമായി മണിക്കൂറുകളോളം ഒരു ചിതയൊരുക്കാൻ സ്ഥലം തേടി അലയുന്നവർ.. ഒരു ഭരണകൂടത്തിന്റെ ദയവിനു കാത്തു കാത്ത് ഭൂമിയിൽ നിന്നു മാഞ്ഞു പോവുകയാണ് ഓരോ കുടുംബങ്ങളും. പൊള്ളിക്കുകയാണ് ഓരോ ദൃശ്യങ്ങളും. നൊമ്പരപ്പെടുത്തി തളർത്തിക്കളയുകയാണ് ഓരോ വാർത്തകളും.

ADVERTISEMENT

ഒരു കൊല്ലം മുൻപ് അമേരിക്കയിൽ സംഭവിച്ചതിന്റെ മറ്റൊരു മുഖം ആണിന്ന് ഇന്ത്യയിൽ കാണുന്നത്. സ്വാർഥതൽപരനായ ഒരു ഭരണാധികാരിയുടെ തേർവാഴ്ച അമേരിക്ക എന്ന ഈ മഹാരാജ്യത്തിന് ഏൽപ്പിച്ച പ്രഹരം വളരെ വലുതായിരുന്നു.. ദിവസേന പതിനായിരകണക്കിന് ആളുകളുടെ മരണം കണ്ടു വിറങ്ങലിച്ചു നിന്ന ഒരു രാജ്യത്തിൽ നിന്ന് 200 മില്യനിലധികം ആളുകൾ വാക്‌സിനേറ്റഡ് ആയി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നതിന് ട്രംപ് എന്ന ധാർഷ്ട്യത്തിൽ നിന്ന് ബൈഡൻ എന്ന അനുകമ്പയിലേക്ക് ഉള്ള ദൂരം ഉണ്ട്.

നമുക്കിന്ന് ഇന്ത്യയിൽ നഷ്ടമാകുന്നതും ആ അനുകമ്പ ആണ്, ആ കരുതൽ ആണ്. ശത്രുക്കൾ എന്ന് കുഞ്ഞുങ്ങളെ വരെ പറഞ്ഞു പഠിപ്പിച്ചിട്ടും അവർ പോലും സഹായവുമായി എത്തുമ്പോഴും സ്വന്തം ജനതയുടെ ദുരിതം നിഷ്ക്രിയരായി നോക്കിക്കാണുന്ന ഇന്ത്യൻ ഭരണകൂടം. സ്വന്തം താൽപര്യങ്ങൾക്കപ്പുറം മറ്റൊരു കാര്യത്തിലും ശ്രദ്ധ ഇല്ലാത്ത, പിടഞ്ഞു മരിക്കുന്ന ജനങ്ങളുടെ ജീവനു മുകളിലും അധികാരത്തിന്റെയും വർഗ്ഗീയതയുടേയും, രാഷ്ട്രീയത്തിന്റെയും ചുറ്റുമതിൽ പണിയുന്ന, ആശുപത്രികൾക്ക് പകരം അമ്പലങ്ങൾക്ക് ശിലാസ്ഥാപനം നടത്തുന്ന, മരുന്നിനു പകരം ഗോമൂത്രത്തിലും ചാണകത്തിലും ഗവേഷണം നടത്തുകയും അവയൊക്കെ മരുന്നെന്ന പേരിലും അല്ലാതെയും കോടിക്കണക്കിനു വിറ്റഴിക്കാൻ അനുമതി നൽകുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ വിരാജിക്കുന്ന ഇന്ത്യയിലെ ഭരണസംവിധാനത്തിൽ എനിക്ക് പ്രതീക്ഷ ഇല്ല, വിശ്വാസവും ഇല്ല.

ADVERTISEMENT

ഒരു കൊല്ലത്തോളം നീണ്ട കൊറോണ യുദ്ധത്തിലും, ഈ വിപത്തിനെതിരെ യാതൊരു ആസൂത്രണവും ഇല്ലാത്ത ഭരണാധികാരികൾ. ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളുടെ വിദഗ്ദ്ധമായ ആസൂത്രണത്തിനു ഫലമായി അവിടെ 60% ആളുകൾ ഫുളളി വാക്സിനേറ്റഡ് ആകുമ്പോൾ, ഏറ്റവും അധികം വാക്സീൻ ഉൽപാദിക്കപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് വെറും 1.8% ആളുകൾ മാത്രം ആണ് ഇപ്പോഴും രണ്ടു ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കിയിട്ടുള്ളത്. ഇത്രയധികം ആളുകൾ ആശുപത്രികൾ ഇല്ലാതെ, ജീവവായുവിന് വേണ്ടി പിടഞ്ഞു മരിച്ചു വീഴുമ്പോഴും, 20, 000 കോടി ചിലവ് വരുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണികളുമായി സെൻട്രൽ വിസ്റ്റാ പ്രോജക്ട് പോലെയുള്ള പദ്ധതികൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. അധികാരമോഹികളായ ഒരു പറ്റം ആളുകളുടെ മൗനാനുവാദത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും നടത്തുന്ന/നടത്തിയ തിരഞ്ഞെടുപ്പ് മാമാങ്കങ്ങളും, കുംഭമേളയും ഹോളിയും, മറ്റു മതാഘോഷങ്ങളും കാര്യങ്ങളുടെ ഗൗരവം ഒട്ടും മനസ്സിലാക്കാതെ, അമിതവിശ്വാസത്തിന്റെയും ഒരു പരിധി വരെ അഹങ്കാരത്തിന്റെയും നിറവിൽ മലയാളികൾ അടക്കം നടത്തിയ അശ്രദ്ധാപൂർണ്ണമായ ജീവിതത്തിന്റെയും ഫലമാണ് ഇന്നു കടന്നു പോകുന്ന ഈ മഹാവിപത്ത്.രണ്ടാം തരംഗം ഉണ്ടാകുമെന്നും സ്ഥിതി രൂക്ഷമാകുമെന്നുമുള്ള ലോകരാഷ്ട്രങ്ങളുടെ സൂചനകൾ എല്ലാം നമ്മൾ ചിരിച്ചു തള്ളി.

ജീവിക്കുവാനും ജീവൻ നിലനിർത്താനും മാത്രം പുറത്തിറങ്ങൂ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പലരും ചൂണ്ടിക്കാട്ടിയപ്പോൾ നമ്മൾ അവരെ പരിഹസിച്ചു. കല്യാണങ്ങൾക്കും മരണങ്ങൾക്കും ഉത്സവങ്ങൾക്കും ഒരിക്കൽ പോലും പോകാത്ത ഉല്ലാസയാത്രകൾക്ക് പോയി, മലയാളി പൊളിയാണെടാ എന്ന് കൊറോണയെ നോക്കി നമ്മൾ ആർത്തട്ടഹസിച്ചു. നിയമങ്ങൾ ദുർബ്ബലമാക്കി, എല്ലാ രാഷ്ട്രീയക്കാരും സർക്കാരും നമുക്ക് കുട പിടിച്ചു. ഫലമോ, ഇന്ന് ജീവിക്കുവാൻ വേണ്ടി പോലും നമുക്ക് പുറത്തിറങ്ങാൻ കഴിയാതെ ആവുന്നു.. നമ്മുടെ മക്കൾ ശരിയായ രീതിയിൽ വിദ്യാഭ്യാസം പോലും ലഭിക്കാനാവാതെ, ഉത്തരം കിട്ടാത്ത ഭാവിയിലേക്ക് ഉറ്റു നോക്കി നിൽക്കുന്നു. വിദേശത്തായ മക്കളെ അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയാതെ, പ്രായമായ അച്ഛനമ്മമാർ ലോകത്തോട് വിട പറയുന്നു. ഉരുകുന്ന ഹൃദയത്തോടെ, ഒരു പ്രാർത്ഥനയും ഒരു അപേക്ഷയും മാത്രമേ ഉള്ളൂ എല്ലാവരോടും. ഇനിയും സമയം വൈകിയിട്ടില്ല. ജീവിതം, അല്ല ജീവൻ കാത്തുരക്ഷിക്കൂ. വാക്‌സിൻ ലഭ്യമാകുന്നതനുസരിച്ച്, എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കൂ. ദയവ് ചെയ്ത് എല്ലാവരും, പ്രത്യേകിച്ചും വാക്‌സിൻ കിട്ടാത്തവർ തീർത്തും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുന്നത് ശീലമാക്കൂ. സാനിറ്റൈസർ, മാസ്ക്, സാമൂഹികഅകലം (എസ്എംഎസ്) ജീവിതത്തിന്റെ ഭാഗമാക്കൂ.

ADVERTISEMENT

പ്രിയപ്പെട്ടവരേ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സുരക്ഷിതരായി ജീവിക്കുവാൻ അനുവദിക്കുക. മനസ്സ് നിറഞ്ഞ പ്രാർഥനകൾ മാത്രം എന്നും എപ്പോഴും...