ക്വലാലമ്പൂർ∙ മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലുള്ള സുങ്ങായിതിരാം മുത്തപ്പൻ ക്ഷേത്രത്തിലെ ഇരുപത്തിരണ്ടാമത് തിരുവപ്പന മഹോത്സവം സമുചിതമായി ആഘോഷിച്ചു. മേയ് പതിനേഴിന് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുത്തപ്പ പൂജയോടെ ഉത്സവം കൊടിയേറി. ശനിയാഴ്ച രാത്രി തണ്ണീർ അമൃത പൂജയും ഞായറാഴ്ച രാവിലെ ചെണ്ടമേളത്തോടെയുള്ള കുംഭ,യാഗ പൂജകളും, മഹാ അഭിഷേകവും നടന്നു. മൂന്നു ദിവസവും അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും ഉണ്ടായിരുന്നു. 

ഏകദേശം തൊണ്ണൂറു  വർഷക്കാലം മുൻപ് മലബാറിൽ നിന്നും ബ്രിട്ടീഷുകാർ പാമോയിൽ തോട്ടങ്ങളിൽ സഹായികളായി മലേഷ്യയിലെത്തിച്ച മലയാളികൾ കണ്ണൂരിലെ പ്രസിദ്ധ ക്ഷേത്രമായ പറശ്ശിനിക്കടവിൽ നിന്നും എഴുന്നള്ളിച്ചു പ്രതിഷ്ഠ നടത്തിയ മലേഷ്യയിലെ ക്ഷേത്രമാണ് സുങ്ങായിതിരാം മുത്തപ്പ ക്ഷേത്രം. എല്ലാ മാസങ്ങളിലും അന്നദാനത്തോടുകൂടിയ മാസപൂജയും വർഷത്തിലൊരിക്കൽ മൂന്നു ദിവസങ്ങളിലായുള്ള ഉത്സവവും  മുടങ്ങാതെ നടന്നു വരുന്നു. പ്രവാസി മലയാളികളും മലേഷ്യൻ മലയാളികളും സംയുക്തമായി നടത്താറുള്ള ഉത്സവ പരിപാടികളിൽ മലേഷ്യയിലും സിംഗപ്പൂരുമുള്ള പ്രവാസി മലയാളികളടക്കം  നിരവധിപേർ പങ്കെടുത്തു. തെബ്രാവു ലോകസഭാ മണ്ഡലം എം.പി വൈ ബി സ്റ്റീവൻ ചോങ്  മുഖ്യാഥിതി ആയിരുന്നു.  ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ബാലൻ, ശേഖരൻ എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകി.