നെയ്റോബി∙ നെയ്റോബിയിലെ ശ്രീ അയ്യപ്പ ക്ഷേത്രം 17–ാം പ്രതിഷ്‌ഠാ  വാര്‍ഷിക ഉത്സവം അതിവിപുലമായ പരിപാടികളോടെ മേയ്‌ 21   മുതല്‍ മേയ്‌ 26  വരെ ആഘോഷിച്ചു.  2002 മെയ്‌ 26ന് ആണ് ശ്രീ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠ നടത്തിയത്.  വാര്‍ഷിക പൂജകള്‍ക്ക് നേതൃത്വം നൽകാൻ തന്ത്രി ബ്രഹ്മശ്രീ ജാതവേദൻ നമ്പൂതിരി,   സൂര്യനാരായണന്‍ നമ്പൂതിരി,  മധു നമ്പൂതിരി എന്നിവര്‍ കേരളത്തില്‍ നിന്നും എത്തുകയും മഹാ സുദര്‍ശനഹോമം, മഹാ ഭഗവതി സേവ, നവഗ്രഹ പൂജ, കലശ പൂജ, മഹാ മൃത്യുഞ്ജയഹോമം, പടിപൂജ എനനിങ്ങനെയുള്ള വിവിധ പൂജകള്‍ നടത്തുകയും ചെയ്തു. 

ഉത്സവത്തിനോട് അനുബന്ധിച്ച്  സെങ്കോട്ട  ഹരിഹര സുബ്രഹ്മണ്യൻ (വോക്കൽ ), വിജു ശിവാനന്ദ്  (വയലിന്‍),  ചേർത്തല കൃഷ്ണകുമാർ (മൃദംഗം),  മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം) എന്നിവരടങ്ങുന്ന മ്യൂസിക്‌ ട്രൂപ് സംഗീതസന്ധ്യ അവതരിപ്പിച്ചു. കൂടാതെ നാദസ്വരവിദ്വാന്‍ ഒരുമനയൂർ സുബ്രഹ്‌മണ്യൻ , തൃപ്പുണിത്തുറ ശ്രീകുമാർ  (തവില്‍ വിദ്വാന്‍) എന്നിവരുടെ നാദസ്വരകച്ചേരിയും ഉണ്ടായിരുന്നു.  ഷാജു നമ്പൂതിരിയും സജു  കൃഷ്‌ണൻ നമ്പൂതിരിയും നിത്യപൂജകള്‍ക്ക് നേതൃത്വം നല്‍കുന്നു. 100ല്‍ അധികം വരുന്ന മഹിളാആരാധകരുടെ താലപ്പൊലിയും എഴുന്നുള്ളത്തും നടന്നു.  ഉത്സവ പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത് ചെയര്‍മാന്‍  പ്രതാപ്കുമാര്‍, രാജേന്ദ്രപ്രസാദ്‌ (സെക്രട്ടറി), ശ്രീ രാധാകൃഷ്ണന്‍ (ഖജാന്‍ജി),  രാമദാസ് അയ്യർ  (വൈസ് ചെയര്‍മാന്‍),  ഗോപകുമാര്‍,  വേലായുധന്‍, സത്യമൂര്‍ത്തി (ട്രസ്ടീസ്) എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ്. മെയ്‌ 26 നു നടന്ന പടിപൂജയില്‍ ആയിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുത്തു.  

വിജി ഗോപകുമാറിന്റെയും  ലത ജയകുമാറിന്റെയും നേതൃത്വത്തില്‍ നൂറോളം വരുന്ന മഹിളാ ആരാധകർ  ക്ഷേത്രം അലങ്കരിക്കുവാനും, മഹാപ്രസാദം തയാറാക്കുവാനും മറ്റു സഹായസഹകരണങ്ങളും നല്‍കി അഞ്ചു ദിവസത്തെ ഉത്സവം ജനപങ്കാളിത്തമുള്ളതാക്കി മാറ്റി. കെനിയ അയ്യപ്പ സേവാ സമാജിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ, കേരളാ സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ  കുട്ടികൾക്കായി മലയാളംക്ലാസും തമിഴ് ക്ലാസും നടത്തുന്നു.