സിയാറ്റിൽ ∙ രണ്ടു മാസം മുമ്പ് 400 –ൽ പരം ബോയിംഗ് 737– മാക്സ് വിമാനങ്ങൾക്ക് പറക്കൽ നിരോധിച്ചിരുന്നതിനു പ്രതിവിധി തയാറായിക്കഴിഞ്ഞതായി ബോയിങ് അധികൃതർ.

ഒക്ടോബർ 2018 ൽ ഇന്ത്യോനേഷ്യൻ എയർലൈൻസ് ലയൺ എയറിന്റെ വിമാനം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 12 മിനിറ്റ് കഴിഞ്ഞ് തകർന്നു വീണ് 189 പേരും  മാർച്ച് 10, 2019 ൽ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം ആഡിസ് അബാബയിൽ തകർന്നു വീണ് 157 പേരും മരിച്ചതും ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ എം കാസ് സോഫ്റ്റ്‌വെയർ തകരാറുമൂലമെന്ന് എത്തിച്ചേർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു 400– ഓളം ബോയിംഗ് വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തിരുന്നത്.

ഗ്രൗണ്ട് ചെയ്ത വിമാനങ്ങൾ എത്രയും വേഗം പുറത്തിറക്കാൻ ബോയിംഗ് ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ് നടത്തി വന്നിരുന്ന സോഫ്റ്റ്‌‌‌വെയർ അപ്ഡേറ്റ് വിജയകരമായി പൂർത്തിയാക്കി അവസാന പരീക്ഷണങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു.

‌അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിരവധി ടെസ്റ്റ് ഫ്ലൈറ്റുകൾ പൂർത്തിയാക്കിയെങ്കിലും ഫെഡറൽ അവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പരിശോധനയും അംഗീകാരവും ലഭിയ്ക്കേണ്ടിയിരിക്കുന്നു.കൂടാതെ പൈലറ്റുമാർക്ക് എം കാസ് സിസ്റ്റത്തിൽ പരിശീലനവും ലഭ്യമാക്കണം.

പുതിയ സോഫ്റ്റ്‌വെയർ വരുന്നതോടെ 737 മാക്സ് വിമാനങ്ങൾ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിലൊന്നാവുമെന്ന് ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെന്നീസ് മൂളൻബേർഗ് പ്രസ്താവനയിൽ അറിയിച്ചു.