വാഷിംങ്ടൻ∙ അമേരിക്കൻ കാർ കമ്പനികൾ നിർമ്മിക്കുന്ന കാറുകൾക്ക് അമേരിക്കയിൽ ഡിമാന്റ് കുറഞ്ഞു വരുന്നത് നിയന്ത്രിക്കാൻ ജപ്പാനിൽ നിന്നും യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും, വാഹനങ്ങളുടെ പാർട്ട്സുകൾക്കും ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് ഗവൺമെന്റ് നീക്കങ്ങൾ ആരംഭിച്ചു. വിദേശ കാർ കമ്പനികൾ വാഹനങ്ങൾ അമേരിയ്ക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നത് രാജ്യ സുരക്ഷയെ ബാധിയ്ക്കുമെന്ന നിലപാടിലാണ് ട്രംപ് ഗവൺമെന്റ്.

അമേരിക്കയിൽ 60 ബില്യൻ ഡോളറോളം മുതൽ മുടക്കി പത്തോളം കാർ നിർമ്മാണ കേന്ദ്രങ്ങളും പതിനായിരക്കണക്കിന് പേർക്ക് ജോലിയും നൽകുന്ന ടെയോട്ട മോട്ടോർ കോർപറേഷൻ ട്രംപിന്റെ ഇറക്കുമതി തീരുവ നടപടിയിലും പ്രസ്താവനയിലും അസംതൃപ്തി പ്രകടിപ്പിച്ചു. ഇറക്കുമതി തീരുവ പ്രശ്നം ഇരു രാജ്യങ്ങളും ചർച്ച ചെയ്തു അന്തിമ തീരുമാനത്തിലെത്താൻ ആറുമാസം സമയം അനുവദിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് താരിഫ് നടപടിയുമായി മുന്നോട്ടു പോയാൽ വാഹനങ്ങൾക്ക് 25 ശതമാനത്തോളം വില കൂടാനും, ഏഴു ലക്ഷത്തോളം ജീവനക്കാരുടെ തൊഴിലിനെ ബാധിക്കാനും സാധ്യതയുണ്ട്. എന്നാൽ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകൾക്കുള്ള തീരുവ ട്രംപ് ഗവൺമെന്റ് പിൻവലിച്ചതായി അറിയിച്ചിട്ടുണ്ട്.

2018 ലെ കണക്കു പ്രകാരം ജപ്പാനിൽ നിന്നും അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതി 41 ബില്യൻ ഡോളർ വരും. ഇന്ത്യയിൽ നിന്നും അമേരിയ്ക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറെ വർധനയുണ്ടായിട്ടുണ്ട്. 1.2 ബില്യൻ ഡോളർ വരുന്ന കാറുകൾ 2018 ൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

പ്രധാനമായും രണ്ട് യുഎസ് കമ്പനികളാണ് കാർ ഇന്ത്യയിൽ നിർമ്മിച്ച് അമേരിക്കയിേക്ക് കയറ്റുമതി ചെയ്യുന്നത്. ഫോർഡ് കമ്പനിയുടെ ഇക്കോ സ്പോർട്ട്സ്, ഷെവർലെ ബീറ്റ്സ് (ജനറൽ മോട്ടോഴ്സ്) എന്നീ കാറുകളാണ് പ്രധാനമായും ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്നത്. കൂടാതെ മാരുതി സുസൂക്കി, ഹുണ്ടായി, ഫോക്സ്‌വാഗൻ വാഹനങ്ങളും ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്നുണ്ട്.