വാഷിങ്ടൻ ഡിസി ∙ ശരീരത്തിൽ പച്ച കുത്താൻ ഉപയോഗിക്കുന്ന മഷിയിലുള്ള മൈക്രോ ഓർഗാനിസം ഇൻഫെക്‌ഷനും ആഴത്തിലുള്ള മുറിവിനും ഇടയാക്കുമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. മേയ് 1 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകിയത്. ആറു തരം മഷിയിലാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.

ഈ മഷി ഉപയോഗിച്ചവരുടെ ശരീരത്തിൽ തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണു മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. ഇത്തരം മഷിഉൽപാദക കമ്പനികളോടും ചില്ലറ വ്യാപാരികളോടും ഇവ പിൻവലിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. റീ കോൾ ചെയ്ത മഷികളെ കുറിച്ചുള്ള വിശദവിവരങ്ങൾ എഫ്ഡിഎയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ശരീരത്തിൽ പച്ച കുത്തുന്നത് തൊലിയുടെ സാധാരണ പ്രവർത്തനങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  ത്വക്ക് കാൻസറിനുവരെ ഇതു കാരണമാകും.

സ്ക്കാൽഫ് എസ്തെറ്റിക്സ്, ഡൈനാമിക് കളർ തുടങ്ങിയ കമ്പനികളുടെ മഷിയും നിരോധിച്ചവയിൽ ഉൾപ്പെടും. പച്ച കുത്തൽ ഒരു ഫാഷനായി മാറിയിട്ടുള്ളതിനാൽ ഇതിന്റെ ദോഷ ഫലം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.