ഓക്‌ലഹോമ∙ പതിനൊന്നുവയസ്സുള്ള മകളെ കുത്തികൊലപ്പെടുത്തിയ ഓക്‌ലഹോമയിൽ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ (39) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അമ്പതിലധികം തവണയാണ് മകളുടെ ശരീരത്തിൽ കത്തികൊണ്ട് ഇവർ കുത്തിത്. തുൾസാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളായി ഇവർക്കെതിരെ ചുമത്തിയ കേസുകളിൽ തുടർച്ചയായ മൂന്നു ജീവപര്യന്തവും കൂടാതെ 10 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഏപ്രിൽ 19ന് ഇവർ കുറ്റക്കാരിയാണെന്ന് ജൂറി വിധിയെഴുതിയിരുന്നു.

വീടിനകത്തെ അടുക്കള തൂണിൽ കുട്ടിയെ ബന്ധിച്ച് നിരവധി തവണ കുത്തികയും പിന്നീട് തലയിൽ മാരകായുധമുപയോഗിച്ച് അടിക്കുകയും ചെയ്തു. മരണം ഉറപ്പാക്കുന്നതിന് വീടിന്റെ അടുക്കളയ്ക്ക് തീയിട്ടു. അതിനുശേഷം തഹീറാ വീട്ടിൽ നിന്നും എട്ട് വയസ്സുള്ള കുട്ടിയെയും കൂട്ടി രക്ഷപ്പെട്ടു. പിറ്റേ ദിവസം തന്നെ ഇവരെ പൊലീസ് പിടികൂടി.

പതിനൊന്നുവയസ്സുള്ള കുട്ടിയുടെ നോട്ടവും പെരുമാറ്റവും ഇഷ്ടപ്പെടാതിരുന്നതാണ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ഇവർ സമ്മതിച്ചു. പതിനൊന്നു വയസ്സുള്ള കുട്ടിയോടൊപ്പം ഒൻപത് വയസ്സുള്ള കുട്ടിയെയും ഇവർ ബന്ധിച്ചിരുന്നു. മൂത്ത കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു എട്ടുവയസ്സുകാരി ഓടി എത്തി ഒൻപതു വയസ്സുകാരിയെ കെട്ടഴിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. 

ശിക്ഷയുടെ 85 ശതമാനം ജയിലിൽ കഴിഞ്ഞതിനുശേഷം മാത്രമേ പരോളിനു അപേക്ഷിക്കാൻ അർഹതയുള്ളൂവെന്നും വിധിന്യായത്തിൽ പറയുന്നു.