ഷിക്കാഗോ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ യുവ വൈദീകരിൽ വചനധ്യാനത്തിലും പുസ്തക രചനയിലും ആത്മീയ  ജീവിതചര്യയിലും മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് റവ. ബൈജു മാർക്കോസ്. ഷിക്കാഗോ ലൂഥറൻ സെമിനാരിയിൽ ഉപരിപഠനം പൂർത്തിയാക്കിയ റവ. ബൈജു മാർക്കോസിന് മെയ് 19 ന് നടന്ന ചടങ്ങിൽ വച്ച് ഡോക്ടറേറ്റ് നൽകി.

ഷിക്കാഗോയിലെ സെന്റ് തോമസ് അപ്പോസ്തോലിക് ചർച്ചിൽ വച്ച് നടന്ന ബിരുദദാന ചടങ്ങിൽ ഫിലോസഫി ഇൻ റിലീജിയൻ എന്ന വിഭാഗത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി തിളക്കമാർന്ന വിജയത്തിലൂടെയാണ് റവ. ബൈജു മാർക്കോസ് ഉപരിപഠനം പൂർത്തിയാക്കിയത്.

ബിരുദദാന ചടങ്ങിൽ ലൂഥറൻ സെമിനാരി പ്രസിഡന്റ്‍ ഡോ. ജയിംസ് നെയ്‍മൻ സ്വാഗതം ആശംസിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പാ, ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ഡോ. സ്റ്റീഫൻ ജി. റേ എന്നിവർ ആശംസകൾ അർപ്പിച്ചു. മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡയോസിഷൻ എപ്പിസ്കോപ്പ ബിരുദദാനം നടത്തി.

കഴിഞ്ഞ അഞ്ചു വർഷക്കാലം നോർത്ത് അമേരിക്കയിലെ മാർത്തോമ്മാ സമൂഹത്തിനും എക്യുമിനിക്കൽ പ്രസ്ഥാനത്തിനും ഏറെ സംഭാവനകൾ നൽകിയ റവ. ബൈജു മാർക്കോസിന്റെ നേട്ടത്തിൽ സഭയൊട്ടാകയും ഷിക്കാഗോയിലെ ക്രൈസ്തവ സമൂഹവും സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. ബൈജു അച്ചന്റെ സഹധർമ്മിണി സ്റ്റെഫി കൊച്ചമ്മയും ഷിക്കാഗോയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി.