യുഎസ് കസ്റ്റഡിയിൽ അഞ്ചാമത്തെ കുട്ടിയും മരിക്കാനിടയായ സാഹചര്യത്തിൽ മരിച്ചപ്പോൾ ഇതെകുറിച്ച് കോൺഗ്രസും ജസ്റ്റീസ് ഡിപ്പാർട്ടുമെന്റും അന്വേഷിക്കണമെന്ന് കോൺഗ്രഷനൽ ഹിസ്പാനിക് കോക്കസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 6 മാസത്തിനുള്ളിലാണ് അഞ്ച് ഗോട്ടിമാലൻ കുട്ടികളാണ് മരിച്ചത്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ഡിപ്പാർട്ട്മെന്റ് (സിബിഡി) അറിയിപ്പനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച 16 വയസുള്ള കാർലോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് വാസ്ക്വസ് വെസ്‍ലാകോ ബോർഡർ പെട്രോൾ സ്റ്റേഷനിൽ മരിച്ചു.

ഹിഡാല ഗോയ്ക്കടുത്ത് മേയ് 13 നാണ് കാർലോസ് പിടിയിലായത്. ഫെഡറൽ നിയമം അനുവദിക്കുന്നതിന്റെ ഇരട്ടി സമയം കഴിഞ്ഞ് 6 ദിവസത്തിനുശേഷമാണ് കുട്ടിയെ വെസ്‍ലാകോ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കുട്ടിക്ക് ഫ്ലൂ ഉണ്ടെന്ന് കണ്ടെത്തിയിട്ടും ചികിത്സാ കേന്ദ്രത്തിൽ അയയ്ക്കാതെ കൈമാറ്റം നടന്നു എന്നാരോപണം ഉണ്ട്.

സംഭവം രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കറുത്ത പാടായി വീക്ഷിക്കുമെന്ന് കോൺഗ്രഷനൽ ഹിസ്പാനിക് കോക്കസ്  ചെയർമാനും സാൻ അന്റോണിയയിൽ നിന്നുള്ള പ്രതിനിധിയുമായ ജോ ആകിൻ കാസ്ട്രോ പറഞ്ഞു. അതിർത്തിയിൽ കുടിയേറ്റക്കാർ നേരിടുന്ന സാഹചര്യം മരണത്തിന്റെ ആവർത്തന രൂപമാണെന്ന് ആരോപിച്ചു. ഡോണൾഡ് ട്രംപിന്റെ ഭരണത്തിന്റെ മുൻപുള്ള പത്ത് വർഷത്തനിടയിൽ ഒരു കുട്ടി പോലുംകസ്റ്റഡിയിൽ മരിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു.

ഒരാഴ്ച മുൻപ് രണ്ട് വയസുള്ള ഒരു കുട്ടി ന്യൂമോണിയ മൂലം അൽപാസോ ആശുപത്രിയിൽ മരിച്ചതായി ഡെൽ റിയോവിലെ ഗോട്ടി മാലൻ കോൺസൽ ജനറൽ പറഞ്ഞു. ഡിസംബറിൽ രണ്ട് കുട്ടികളുടെ മരണം സംഭവിച്ചപ്പോൾ കോൺഗ്രഷനൽ ഹിയറിങ്ങും ഡിപ്പാർട്ടുമെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കും കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷനും പുതിയ നടപടിക്രമങ്ങളുടെ നിർദേശങ്ങളും ഉണ്ടായതാണ്.

7 വയസുള്ള ജേക്ക്‌ലിൻ കാൽ മാക്വിൻ ഇൻഫെക്‌ഷൻ മൂലം അൽപാസോ ആശുപത്രിയിൽ മരിച്ചു. ഫ്ലൂവും ബാക്ടീരിയൽ ഇൻഫെക്ഷനും മൂലം ആഴ്ചകൾക്കുള്ളിൽ 8 വയസുകാരൻ ഫെലിപെ ഗോമസ് അലോൺസോയും മരിച്ചു. ഡെമോക്രാറ്റിക് ജനപ്രതിനിധികളായ വിൻസെന്റ് ഗൊൺസാലസ് (മക്കെല്ലൻ), ഫിലമോൻ വേല (ബ്രൗൺസ്‌വിൽ) എന്നിവർ ജനപ്രതിനിധി, സെനറ്റ് നേതാക്കളോട് തടവിലെ അവസ്ഥയെ വിലയിരുത്തുവാനും കുടിയേറ്റക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് നടപടികൾ എടുക്കുവാനും ആവശ്യപ്പെട്ടു.

ഒരു ഡോക്ടർ കൂടിയായ കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി റൗൽ റൂയിസ് യുഎസ് കസ്റ്റഡിയിലുള്ള കുടിയേറ്റക്കാർക്ക് മെച്ചമായ ആരോഗ്യ സ്ക്രീനിംഗ് നൽകുന്നതിനും അവരുടെ പോഷകാഹാര, ശുചിത്വ ആവശ്യങ്ങൾക്കും ഉറപ്പു നൽകുന്ന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞു.

കുടിയേറ്റ വക്താക്കൾ തെറ്റായ സമീപനവും പ്രവർത്തനവുമാണ് ഭരണകൂടം നടത്തുന്നത് എന്നാരോപിച്ചു. വേനൽക്കാലത്ത് ആകെയുള്ള 60,000 ട്രാൻസ് പൊർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാരിൽ 1%പേരെ അതിർത്തിയിൽ ഫെഡറൽ ജീവനക്കാരെ സഹായിക്കുവാൻ വിനിയോഗിക്കുമെന്ന് ഭരണകൂടം പറഞ്ഞു. ഇത് വേനല്ക്കാലത്തെ എയർപോർട്ടുകളുടെ തിരക്കിനെ സാരമായി ബാധിക്കുമെന്നും യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

മുൻ വെർജീനിയ അറ്റേണി ജനറൽ കെൻ കുച്ചി നെല്ലി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയിൽ ഒരു ഉന്നത സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെടും എന്ന് ശ്രുതിയുണ്ട്. വിവിധ ഏജൻസികളുടെ നയങ്ങൾ ഏകോപിപ്പിക്കുവാൻ ഒരു ഇമിഗ്രേഷൻ മേലധികാരിയായിട്ടായിരിക്കും കുച്ചി നെല്ലി എത്തുക. എന്നാൽ ചില കേന്ദ്രങ്ങൾ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ മക്കൾക്ക് അമേരിക്കൻ പൗരത്വം നിഷേധിക്കണം എന്നു വാദിച്ചും ഒബാമ യുഎസിലല്ല ജനിച്ചത് എന്ന് ആരോപിച്ചും കുച്ചി നെല്ലി വാർത്തയിൽ നിറഞ്ഞുട്ടുണ്ട്.