വിദ്യാബാലൻ മുട്ട കഴിച്ചു തടി കുറച്ചത് ഇങ്ങനെ

Image Courtesy: Facebook

ചിലപ്പോൾ സ്‌ലിം, ചിലപ്പോൾ ഗുണ്ടൂസ്. ചിലപ്പോൾ സുന്ദരി, മറ്റു ചിലപ്പോൾ ഉഴപ്പി. വസ്ത്രധാരണത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ പ്രവചനാതീതമാണ് വിദ്യാബാലന്റെ പ്രകൃതം. വെസ്റ്റേൺ വെയറുകൾ ധരിച്ചു വന്നപ്പോൾ മുഖം തിരിച്ച ആരാധകർ സാരിയിൽ ആ സുന്ദരിയെ കണ്ടപ്പോൾ കണ്ണെടുക്കാതെ നോക്കിനിന്നു. സാരിയും ആന്റിക് ആഭരണങ്ങളും ധരിക്കുമ്പോൾ വിദ്യാബാലനു കിട്ടുന്ന അഴകളവും ഭംഗിയും  മറ്റേതു നടിക്കുണ്ട്. 

∙ചപ്പാത്തിക്കൊപ്പം  ചോറ് വേണ്ട  

ഡർട്ടി പിക്ചർ എന്ന ഹിറ്റ് സിനിമയ്ക്കു വേണ്ടി വച്ച തടി കുറയ്ക്കാനാണ് വിദ്യ ഏറെ കഷ്ടപ്പെട്ടത്. മണിക്കൂറുകൾ പട്ടിണികിടന്ന് ശരീരഭാരം കുറയ്ക്കാൻ നോക്കിയിട്ടും വിജയിക്കാതെ വന്നതോടെ വിദ്യാബാലൻ ഒരു കാര്യം മനസിലാക്കി. കഴിക്കാതിരുന്നാൽ തടി കുറയില്ല. എന്നാൽ പിന്നെ കഴിച്ചു തന്നെ തടി കുറയ്ക്കാമെന്നു വച്ചു. അതു ഫലം കണ്ടു. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്. 

നേരത്തെ ശുദ്ധ വെജിറ്റേറിയനായിരുന്നു വിദ്യാബാലൻ. ഡയറ്റ് പ്ലാൻ തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. മുട്ട കഴിക്കുന്ന കാര്യം വളരെ കഠിനമായിരുന്നുവെന്നു വിദ്യ പറയുന്നു. പക്ഷേ പ്രോട്ടീന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാനും പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചു കൂടുതൽ കുരുമുളകുപൊടി ചേർത്ത് മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. 

കൂടുതൽ പ്രോട്ടീനും കുറച്ചു കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണു ഡയറ്റീഷ്യൻ പൂജ മഖിജയുടെ നിർദേശപ്രകാരം കഴിക്കുന്നത്. രണ്ടു നേരമെങ്കിലും വീട്ടിലെ ഭക്ഷണം കഴിക്കാനായാൽ അത്രയും സന്തോഷം. 

പലതരം ഭക്ഷണം ഒരുമിച്ചു കഴിക്കാൻ വിദ്യയ്ക്ക് ഇഷ്ടമില്ല. ഏതു ഭക്ഷണം കഴിച്ചാലും അതു മാത്രം ആസ്വദിച്ചു കഴിക്കുന്നതാണു വിദ്യയുടെ ശീലം. ആപ്പിൾ കഴിച്ചാൽ അക്കൂട്ടത്തിൽ ഓറഞ്ചോ മറ്റു പഴങ്ങളോ കഴിക്കില്ല. ചപ്പാത്തിക്കൊപ്പം  ചോറ് കഴിക്കില്ല. 

മൈദ ചേർത്ത ആഹാരം പൂർണമായി ഒഴിവാക്കും. ദിവസം ഒരു തവണയെങ്കിലും വെജിറ്റബിൾ ജ്യൂസ് കുടിക്കും. അതേസമയം ഫ്രൂട്ട് ജ്യൂസിനോട് അത്ര താൽപര്യം പോര. പഴങ്ങൾ കടിച്ചു മുറിച്ചു കഴിക്കാനാണിഷ്ടം. കരിക്കിൻ വെള്ളത്തോടാണു മറ്റൊരിഷ്ടം. എത്ര ആഹാരനിയന്ത്രണമുണ്ടെങ്കിലും ചോക്കലേറ്റ് കണ്ടാൽ വിടില്ല. 

∙താളത്തിൽ വർക്ഔട്ട് 

ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ജിം വർക് ഔട്ട്. ജംപിങ്, കിക്കിങ്, ബെൻഡിങ്, ട്വിസ്റ്റിങ് എന്നിവയെല്ലാം താളത്തിൽ ചെയ്യുന്ന കാലിസ്തെനിക്സ് എക്സർസൈസ് ആണ് ട്രെയിനർ വിലയത് ഹുസൈൻ പ്ലാൻ ചെയ്തിരിക്കുന്നത്. കാർഡിയോ എക്സർസൈസും ചെയ്യും. വീട്ടിൽ ജിം ഇല്ലെങ്കിലും ലൈറ്റ് വെയ്റ്റ് എക്സർസൈസ് ഇവിടെ ചെയ്യും. ദിവസവും എട്ടു മണിക്കൂർ ഉറക്കവും മുടങ്ങാതെ നടക്കും.