വണ്ണം കുറയ്ക്കണോ? ഉറങ്ങും മുന്‍പ് ഇതൊന്നു പരീക്ഷിച്ചാല്‍ മതി

തടി ഒരല്‍പം കൂടിയെന്ന് തോന്നിയാല്‍ തന്നെ പിന്നെ ഉറക്കം നഷ്ടമാകുന്നവര്‍ ആണ് ഏറെപ്പേരും. പിന്നെ വണ്ണം കുറയ്ക്കാനുള്ള വഴികള്‍ തപ്പിനടക്കുകയാണ് ഇവരുടെ പതിവ്. ഇന്റര്‍നെറ്റിലും മാസികകളിലും ഇതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചിവര്‍ നടക്കും. അങ്ങനെ പരീക്ഷണങ്ങള്‍ പലതും നടക്കും. പക്ഷേ വണ്ണം മാത്രം ചിലപ്പോള്‍ കുറഞ്ഞില്ലെന്നിരിക്കും. എങ്കില്‍ വിഷമിക്കേണ്ട. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സൂപ്പര്‍ ടിപ്. വേറെ ഒന്നും വേണ്ട ഒരു വസ്തു നിത്യാഹാരത്തിന്റെ ഭാഗമാക്കുകയും ഒന്നിനെ ഉപേക്ഷിക്കുകയും മാത്രം ചെയ്‌താല്‍ മതി സംഗതി ക്ലിക്കാകും. അതെന്താണെന്നല്ലേ... പറയാം.

ഉറക്കവും നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചു എടുത്തു പറയേണ്ട ആവശ്യമില്ല. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനു നല്ലയുറക്കത്തിനുള്ള പങ്കു ചെറുതല്ല. ഉറക്കംക്കുറവും വണ്ണവുമായുള്ള ബന്ധത്തെ കുറിച്ചു പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. നന്നായി ഉറക്കം ലഭിക്കാത്തവരില്‍  ഇടുപ്പില്‍ കൊഴുപ്പടിയുന്നതു സാധാരണമാണ്. 

യുകെയില്‍ നടത്തിയൊരു പഠനപ്രകാരം ഡയറ്റ് പിന്തുടരുന്നവരില്‍ 74% ആളുകള്‍ക്കും ശരിയായ ഉറക്കത്തോടൊപ്പം ഡയറ്റ് ശീലിച്ചതുവഴി ഒരുമാസം കൊണ്ട് മൂന്നുകിലോ വരെ കുറയ്ക്കാന്‍ സാധിച്ചു എന്നു കണ്ടെത്തിയിരുന്നു. 

അതുപോലെ  1,000 പേരില്‍ നടത്തിയൊരു പഠനത്തില്‍ ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ ഇടുപ്പിലെ വണ്ണം കുറയുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

പ്രമുഖ ന്യൂട്രിഷനിസ്റ്റ് ആയ പിപ്പ കാംബെലിന്റെ അഭിപ്രായത്തില്‍ നന്നായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ ഫാറ്റ് അലിയിച്ച് കളയാനാണ് സഹായിക്കുന്നത് മറിച്ചു ഉറക്കം കുറയുന്നത് ഫാറ്റ് അടിയാനും സഹായിക്കും. അതുപോലെ ഇത് വിശപ്പ്‌ കൂട്ടാനും കാരണമാകുന്നുണ്ട്. 

ശരിയായ ഉറക്കം ലഭിക്കാന്‍ ചില ആഹാരങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. അവ എന്തൊക്കെയെന്നു നോക്കാം.

ചെറി

ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ(melatonin) ധാരാളമടങ്ങിയതാണ് ചെറി പഴങ്ങള്‍. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ചെറിപ്പഴം കഴിച്ചു നോക്കൂ.

അമിതകാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയ്ക്ക് ഗുഡ്ബൈ 

കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ആഹാരസാധനങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഉറങ്ങാന്‍ കിടക്കും മുന്‍പ് വേണ്ട. 

മദ്യത്തെ പടിക്ക് പുറത്തുനിര്‍ത്തൂ

മദ്യം കഴിച്ചാല്‍ നന്നായി ഉറങ്ങാന്‍ കഴിയുമെന്നാണ് പലരുടെയും വിചാരം. എങ്കില്‍ തെറ്റി. മദ്യം കഴിച്ചാല്‍ ഉറങ്ങാന്‍ കഴിയും പക്ഷേ അതൊരിക്കലും ആരോഗ്യപരമായ ഉറക്കം ആകില്ലെന്നു മാത്രം. മദ്യം കഴിച്ച ശേഷം ഉറങ്ങിയാല്‍ അടിക്കടി ഉറക്കം പൂര്‍ത്തിയാകാതെ ഉണരുക സ്വാഭാവികം. 

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി ധാരാളം അടങ്ങിയ ഭക്ഷണം ആരോഗ്യത്തിനു മാത്രമല്ല ഉറക്കത്തിനും മികച്ചതാണ്. ഉദാഹരണത്തിന് വൈറ്റമിന്‍  B12  ശരീരത്തിലെ മെലാടോണിൻ (melatonin) അളവ് വർധിപ്പിക്കുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. ട്യൂണ മത്സ്യം, ചിക്കന്‍ ബ്രെസ്റ്റ്, യോഗര്‍ട്ട് എന്നിവയെല്ലാം വൈറ്റമിന്‍ ബി യുടെ കലവറയാണ്. 

Read More : Health and Fitness