കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ; പ്രിയപ്പെട്ട ഹൃദയത്തിനായി

സ്വന്തം ഹൃദയത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ മാത്രം തുടർന്നു വായിക്കുക: കോഴിക്കോട് മെഡിക്കൽ കോളജിലെ അവസാന വർഷ  വിദ്യാർഥികളായ മുഹമ്മദ് അൻവറിന്റെയും മുഹമ്മദ് ആസിമിന്റെയും കഥയറിഞ്ഞാൽ ആരും സൈക്കിൾ സവാരിക്കു ഡബിൾ ബെൽ കൊടുക്കും. ആറു മാസം മുൻപ് സൈക്കിൾ വാങ്ങുമ്പോൾ  സൈക്ലിങ്ങിന്റെ ആരോഗ്യ–സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് അൻവറും അസിമും ബോധവാന്മാരായിരുന്നില്ല. ഹോസ്റ്റലിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള യാത്ര ബൈക്കിൽനിന്നു സൈക്കിളിലേക്കു മാറ്റിയതോടെ ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് അതെന്ന് ഇരുവരും പതിയെ തിരിച്ചറിഞ്ഞു. 

കേരളത്തെ കീഴ്പ്പെടുത്തി ഹൃദ്രോഗം 
മെഡിക്കൽ വിദ്യാർഥികളായതിനാൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും‌ം സസൂക്ഷ്മം പഠിക്കാറുണ്ട്. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ എന്നിവർ ചേർന്ന് തയാറാക്കിയ ഇന്ത്യ: ഹെൽത്ത് ഒാഫ് ദ് നേഷൻസ് സ്റ്റേറ്റസ് റിപ്പോർട്ടാണ് സ്വന്തം ആരോഗ്യത്തെക്കുറിച്ചും നാട്ടുകാരുടെ ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കാൻ അൻവറിനെയും ആസിമിനെയും പ്രേരിപ്പിച്ചത്. പ്രമേഹ രോഗികളുടെയും ഹൃദ്രോഗികളുടെയും കണക്കിൽ നാലിരട്ടി വർധനയാണ് റിപ്പോർട്ടിൽ കാണിക്കുന്നത്. ഹൃദ്രോഗം ചെറുപ്പക്കാർക്കിടയിൽ വർധിക്കുന്നത് തടയാൻ വ്യായമത്തെക്കുറിച്ചുള്ള അവബോധമാണ് വേണ്ടതെന്ന ചിന്തയാണ് സൈക്കിൾ യാത്രയ്ക്ക് പ്രേരിപ്പിച്ചത്.

വൺ ടു ത്രീ... യാത്ര
വെറുമൊരു സൈക്കിൾ സവാരിയെക്കാളും വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര ആസൂത്രണം ചെയ്തു. ജീവിതശൈലീ രോഗങ്ങളെ തടയാൻ വ്യായാമം എന്ന വിഷയത്തെക്കുറിച്ച് ലഘുലേഖ തയാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. യാത്ര എവിടെ തുടങ്ങണം എന്ന ചിന്തയ്ക്ക് ഫുൾ സ്റ്റോപ്പിട്ടത് രാഷ്ട്രീയ പാർട്ടികളുടെ യാത്രകളാണ്. ഇരുവരും അങ്ങനെ കാസർകോട് തന്നെ സ്റ്റാർട്ടിങ് പോയിന്റായി തിരഞ്ഞെടുത്തു. പത്താം തീയതി കാസർഗോഡ് ജില്ലാ കലക്ടർ ജീവൻ ബാബുവിന്റെ വസതിയിൽനിന്നു തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരാൻ മൂന്നു ദിവസമെടുത്തു. രാവിലെ ആറുമണിക്ക് ഈത്തപ്പഴം കഴിച്ചാണ് യാത്രയുടെ തുടങ്ങുന്നത്. പല സ്ഥലങ്ങളിലും ഹോട്ടലുകൾ തുറക്കുന്നത് രാവിലെ ഏഴരയോടെയാണ്. രാവിലെ ഭക്ഷണം കഴിക്കാൻ കയറുന്ന സ്ഥലത്ത് കാണുന്നവരോട് നല്ല ആരോഗ്യ ശീലത്തെക്കുറിച്ചു പറയും, ലഘുലേഖ വിതരണം ചെയ്യും.

ആരോഗ്യ മന്ത്രിയെ കണ്ടു മടക്കം
സൈക്കിൾ സവാരിയുടെ കാര്യത്തിൽ ആലപ്പുഴയെ മറ്റു ജില്ലകൾ മാതൃകയാക്കേണ്ടതാണെന്ന് അൻവറും അസിമും പറയുന്നു. എവിടെ തിരിഞ്ഞാലും ഒരു സൈക്കിൾ യാത്രക്കാരനെ കാണാം. വിവിധ സ്ഥലങ്ങളിലെ സൈക്കിൾ ക്ലബുകളിലെ അംഗങ്ങളെയും യാത്രയിൽ പരിചയപ്പെടുവാൻ സാധിച്ചു. മൂന്നാം ദിവസം യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ  സ്വീകരിച്ചത് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ നേരിട്ടുകണ്ട് യാത്രയുടെ ലക്ഷ്യം പറഞ്ഞു, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പദ്ധതികൾ നടപ്പാക്കണമെന്ന നിവേദനവും നൽകി.