അമിതമായാൽ വ്യായാമവും ആപത്ത്

ആഴ്ചയില്‍ അഞ്ചു ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ ദിവസം മൂന്നു മണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കുക, അമിത വ്യായാമം നിങ്ങളെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. ഓക്‌സ്‌ഫഡ് സർവകലാശാലയും യേല്‍ സർവകലാശാലയും ചേർന്ന് 1.2 ദശലക്ഷം ആളുകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 

ആഴ്ചയില്‍ അഞ്ചു ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ ദിവസം മൂന്നു മണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവരില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പഠനം പറയുന്നു‍. അതേസമയം മിതമായ വ്യായാമശീലങ്ങള്‍ ഒരാള്‍ക്ക് മാനസികമായി ഉല്ലാസവും നല്‍കുന്നുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഓരോരുത്തരും അവരവർക്കിണങ്ങിയ വ്യായാമങ്ങള്‍ വിദഗ്ദ്ധ ഉപദേശമനുസരിച്ച്  തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. 

മിതമായ വ്യായാമങ്ങള്‍പോലും ഒരാളുടെ മാനസികനിലയെ ഗുണപരമായി സ്വാധീനിക്കുന്നതിനാൽ വീട്ടുജോലികള്‍, പൂന്തോട്ട പരിപാലനം എന്നിവയിലൂടെ ശാരീരിക–മാനസികാരോഗ്യം നിലനിർത്താൻ സാധിക്കുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ യേല്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം അസി.പ്രഫസര്‍ ഡോ. ആദം ചെക്രൗഡ് പറയുന്നു.

Read More : Health and Fitness