റെഡ്മീറ്റിനു പകരാം നട്സ് ശീലമാക്കാം

ആരോഗ്യത്തിനും പോഷകത്തിനും ഏറ്റവും ഉത്തമമാണ് നട്സ്. ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനശേഷിക്കുമെല്ലാം നട്സ് ഏറെ നല്ലതാണ്. അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ഫൈബറും പ്രോട്ടീനും ആവോളമടങ്ങിയ നട്സ് ഭാരം കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുമോ ? അടുത്തിടെ ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനില്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. നട്സ്, പീനട്സ് എന്നിവ ശരീരഭാരത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഈ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച ഗവേഷകര്‍ വെളിപ്പെടുത്തിയത്.

25,394 ആരോഗ്യവാന്മാരായ പുരുഷന്മാര്‍, 100, 796 സ്ത്രീകള്‍ എന്നിവരാണ് ഈ ഗവേഷണത്തോട് സഹകരിച്ചത്. ഓരോ നാലു വര്‍ഷവും ഇവരുടെ ആഹാരശീലങ്ങളെ വിലയിരുത്തിയിരുന്നു. ന്യൂട്രിഷന്‍ വാല്യൂ കുറഞ്ഞ ആഹാരത്തിനു പകരം ദിവസവും ഒരു നിശ്ചിതഅളവില്‍ നട്സ്, പീനട്സ് എന്നിവ ശീലമാക്കിയവരില്‍ ഭാരം കുറഞ്ഞതായി കണ്ടു. ഓരോ വര്‍ഷത്തെ പഠനത്തിലും ഇത് വ്യക്തമായിരുന്നു. ഉദാഹരണത്തിന് റെഡ് മീറ്റിനോ ഫ്രഞ്ച് ഫ്രൈയ്ക്കോ പകരം നട്സ് ശീലമാക്കാം. 

ചില ആളുകള്‍ക്ക് നട്സ് ഹൈ കാലറിയും ഫാറ്റും അടങ്ങിയതാണ് എന്നൊരു ധാരണയുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്നു ഗവേഷകര്‍ പറയുന്നു. ഒരു പ്രായമായാല്‍ വണ്ണം വയ്ക്കുക എന്നത് സ്വാഭാവികമാണ്. ഒരു വർഷം ഒരു പൗണ്ട് എന്ന നിലയ്ക്കെങ്കിലും ഭാരംവര്‍ധിക്കും. അപ്പോള്‍ ഇരുപതുവർഷം കൊണ്ട് ഉണ്ടാകുന്ന മാറ്റം ഒന്നാലോചിച്ചു നോക്കൂ. ഇതുപോലെ തന്നെ നല്ലതാണ് ബ്രസീല്‍ നട്സും എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രമേഹം തടയാനും ഭാരം കുറയാനും ഇതും മികച്ചതാണ്.