സ്പോര്‍ട്സും ഗെയിംസും കുട്ടികളുടെ ഫിറ്റ്നസ് സൂത്രങ്ങൾ

കുട്ടികളില്‍ അമിതവണ്ണം ഗൌരവതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉയര്‍ത്തുക. പക്ഷേ, അല്‍പ്പം ശ്രദ്ധപതിപ്പിച്ചാല്‍ ഈ അവധിക്കാലം ആരോഗ്യകരമായ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാക്കാം. ഫിറ്റ്നസ് മുതിര്‍ന്നവര്‍ക്കു മാത്രമുള്ളതാണെന്നു കരുതേണ്ട. കുട്ടിക്കാലത്തെ നല്ല ചിട്ടകള്‍ ഭാവിജീവിതം രോഗവിമുക്തമാക്കും. കുട്ടികളുടെ ഹെല്‍ത്ത്ക്ളബ് കളിയിടങ്ങളാണ്. സ്പോര്‍ട്സും ഗെയിംസും ഏറ്റവും മികച്ച ഫിറ്റ്നസ് സൂത്രങ്ങളും.

കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള കായിക വിനോദങ്ങളിലേക്ക് ഇപ്പോള്‍ തന്നെ അവരെ തിരിച്ചുവിടണം. കളിക്കൊപ്പം ആരോഗ്യമുള്ള മനസ്സും ശരീരവും ബോണസായി ലഭിക്കും. രണ്ടു മുതല്‍ അഞ്ചു വരെയുള്ള കുട്ടികള്‍ വളര്‍ച്ചയുടെയും ശാരീരിക ചലനങ്ങളുടെയും അടിസ്ഥാനകാര്യങ്ങളില്‍ വികസിക്കുന്നതേയുണ്ടാകൂ. ഇവര്‍ ചിട്ടയോടെയുള്ള കായിക വിനോദങ്ങള്‍ക്കു പാകപ്പെട്ടിട്ടില്ല. കൃത്യമായി ചിട്ടവട്ടങ്ങളില്ലാത്ത വിനോദങ്ങള്‍ ഇവര്‍ക്കായി തിരഞ്ഞെടുക്കാം. ഓട്ടം, ചാട്ടം, സൈക്കിളിങ്, നൃത്തം, ബോള്‍ എറിഞ്ഞു കളിക്കല്‍ തുടങ്ങിയവയിലേക്ക് ഇവരുടെ ശ്രദ്ധതിരിക്കാം.

ആറുമുതല്‍ ഏഴുവയസ്സുവരെയുള്ളവര്‍ക്കു ചലനങ്ങളിലും മറ്റും ഏകാഗ്രതയും ഏകോപനവും സാധ്യമാകും. ഇവര്‍ക്കായി സോഫ്റ്റ്ബോള്‍, നീന്തല്‍, ടെന്നിസ്, സോസര്‍, ജിംനാസ്റ്റിക്സ്, കരാട്ടെ, ജൂഡോ, കളരിപ്പയറ്റ് തുടങ്ങിയ ശാരീരിക അഭ്യാസങ്ങളും തിരഞ്ഞെടുക്കാം. എട്ടുവയസുമുതലുള്ളവര്‍ക്ക് എല്ലാത്തരം സ്പോര്‍ട്സ്, ഗെയിംസ് ഇനങ്ങളിലും ഒരുകൈ നോക്കാം.