പോക്കിമോന്‍ കളിച്ചാൽ വ്യായാമം വേണ്ട

ജാപ്പനീസ് കമ്പനിയായ നിന്റെഡോയുടെ പുതിയ ഗെയിമായ പോക്കിമോന്‍ ഗോ വിപണിയില്‍ തരംഗമായിരിക്കുകയാണ്. ജാപ്പനീസ് കാർട്ടൂൺ കഥാപാത്രത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടെത്തിയ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമാണ് പോക്കിമോൻ. ഗെയിം കളിക്കലൊക്കെ എളുപ്പമാണ്, ഗെയിം ആപ്പിനുള്ളിൽ കയറി ക്യാമറ തുറന്ന് നമ്മുടെ പരിസരങ്ങളിലേക്ക് ചെന്ന് ഈ ഗെയിം കളിക്കാനാകും.

ജിപിഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോക്കിമോന്‍ ഗോ കളിക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധർ പറയുന്നു. ടെക്സാസ് എ ആൻഡ് എം കോളേജിൽ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസർ മാറ്റ് ഹോഫ്മാൻ പറയുന്നത് പോക്കിമോനുവേണ്ടി വേണ്ടി തിരയുന്നതൊക്കെ വ്യായാമത്തിന് തുല്യമായ ഗുണം ചെയ്യുന്നുവെന്നാണ്. കാരണം മുറിയിലടച്ചിരുന്നു കളിക്കുന്ന ഗെയിമുകളിൽനിന്നും വ്യത്യസ്തമായി ഫോണും കൊണ്ട് അലഞ്ഞ് നടക്കേണ്ട ഗെയിം ആണ് പോക്കിമോൻ.

പോക്ക്സ്റ്റോപ്പുകള്‍ തേടി തനിക്ക് രണ്ട് മണിക്കൂറുകളോളം നടക്കേണ്ടിവരാറുണ്ടെന്നും ഗെയിം ജയിക്കുന്നതിലുപരി നല്ല വ്യായാമം കിട്ടുന്നുണ്ടെന്നും ഗെയിം വളരെയേറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഹോഫ്മാൻ പറയുന്നു. ഗെയിം കളിക്കുന്നത് ജനങ്ങളെ പ്രദേശങ്ങൾ കാണാനും പുതിയ അനുഭവങ്ങളുണ്ടാക്കാനും സാധിച്ചെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ ഒറ്റപ്പെട്ട സ്ഥലങ്ങളിലും വാഹനമോടിക്കുമ്പോഴുമൊക്കെ ഗെയിം കളിക്കുന്നത് ഒഴിവാക്കണമെന്ന് ഫോഫ്മാൻ മുന്നറിയിപ്പ് നൽകുന്നു.

എന്തായാലും ഈ വിർച്വൽ റിയാലിറ്റി ഗെയിം കാരണം നിന്റെ‍ഡോയുടെ സ്റ്റോക്ക് മാർക്കറ്റ് നിരക്ക് കുതിക്കുകയാണ്. ഗെയിം അവതരിപ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ നിന്റെ‍ഡോ.കോമിന്റെ മാർക്കറ്റ് വില 9 ബില്യണായിരുന്നു. ഇനിയും കണക്കുകൾ മറ്റ് രാജ്യങ്ങളിലേക്കെത്തുന്നതിനനുസരിച്ച് വരാനിരിക്കുന്നതേയുള്ളൂ.