ശരീരഭാരം കുറയ്ക്കാൻ 7 വഴികൾ

ശരീരത്തിനു ഭാരം കൂട്ടുന്നതു പോലെ എളുപ്പമല്ല, കൂടിയ ഭാരം കുറയ്ക്കാൻ. വ്യായാമം ചെയ്തും ഭക്ഷണം കുറച്ചും ഇതിനു ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ, ചില വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടു ഭാരം കുറയ്ക്കാൻ ശ്രമിച്ചാലോ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴു ഭക്ഷണങ്ങൾ ഇതാ.

1. ബ്രൊക്കോളി– ഫൈബർ, കാൽസ്യം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് ബ്രൊക്കോളി. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിൽ മുന്നിലാണ് ഈ ഇലക്കറി. ഹൃദയാരോഗ്യത്തിനും ബ്രൊക്കോളി ബെസ്റ്റ്. സാലഡ്, സൂപ്പ്, പാസ്ത, വിവിധതരം കറികൾ തുടങ്ങിയ രൂപത്തിൽ ബ്രൊക്കോളി കഴിക്കാം.

2. കാബേജ്– ആന്റിഓക്സിഡന്റായ വൈറ്റമിൻ സി, കെ, ബി6, ഫൊളേറ്റ് തുടങ്ങിയവയാണ് കാബേജിലടങ്ങിയിട്ടുള്ളത്. തുടർച്ചയായ കഴിക്കുന്നത് കൊളസ്ട്രോൾ, അടിഞ്ഞു കൂടിയ ഫാറ്റ് എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കും.

3. കോളിഫ്ലവർ– മറ്റ്ഇലക്കറികൾ പോലെ തന്നെ വൈറ്റമിൻ സി, ഫൊളേറ്റ് എന്നിവയുടെ ഖനിയാണ്. കോളിഫ്ലവർ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകൾ ശരീരഭാരം കൂട്ടുന്നതിന് എതിരായി പ്രവർത്തിക്കും.

4. മധുരനാരങ്ങ- ഫോളിക് ആസിഡ്, വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ കൂടാതെ ഫൈബറിന്റെയും പവർഹൗസ് ആണു മധുരനാരങ്ങ. ഹൃദയ ഭിത്തികളെ കാത്തുസൂക്ഷിക്കുന്ന മധുരനാരങ്ങയുടെ പിങ്ക്, ചുവപ്പ് വകഭേദങ്ങളിൽ വൈറ്റമിൻ എ, ലൈക്കോപിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ജ്യൂസ്, ഫ്രൂട്ട് സാലഡ് തുടങ്ങിയ രൂപങ്ങളിൽ കഴിക്കാം.

5. ചീര– ഡയറ്റ് സൗഹൃദ ഭക്ഷണം എന്ന പേരു തന്നെയുണ്ട് ചീരയ്ക്ക്. ഏതു രീതിയിൽ പാകം ചെയ്തു കഴിച്ചാലും ചീര ഗുണമല്ലാതെ ദോഷം ചെയ്യില്ലെന്നാണ് ഡയറ്റീഷ്യൻമാരുടെ പക്ഷം. വൈറ്റമിൻ സി, ഫോളിക് ആസിഡ്, ഇരുമ്പ്, വൈറ്റമിൻ കെ, മാംഗനീസ് എന്നിവയടങ്ങിയ ചീര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്തുന്നു. രോഗപ്രതിരോധ ശക്തിക്കും വളരെ ഗുണകരമാണ് ചീര ഉൾപ്പെടുത്തിയ പാചകം.

6. മുള്ളങ്കി– പൊട്ടാസിയം, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ്സ്, കാൽസ്യം, വൈറ്റമിൻ സി എന്നിവയുടെ സ്രോതസായ മുള്ളങ്കി ദഹനത്തെ സഹായിക്കുന്നതിലും മുഖ്യപങ്കു വഹിക്കുന്നുണ്ട്.

7.  വെള്ളം– ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും 75 ശതമാനവും വെള്ളമാണ്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതിൽ വെള്ളം പ്രധാന പങ്കു വഹിക്കുന്നുണ്ട്. തണുത്ത വെള്ളം കുടിന്നതാണ് നല്ലത്. ചൂടാക്കി നിർത്താനുള്ള ശരീരത്തിന്റെ ശ്രമത്തിൽ കത്തിപ്പോകുന്നതു 9% കാലറിയാണ്.