മൂക്കിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകൾ. ഓരോ സൈനസിനു ചുറ്റും ശ്ലേഷ്മം (കഫം) പുറപ്പെടുവിക്കുന്ന ഒരു ആവരണം ഉണ്ട്. പ്രാണവായുവിൽ നിന്ന് ബാക്ടീരിയയെയും മറ്റ് അണുക്കളെയും നീക്കം ചെയ്യുന്നത് ഈ ശ്ലേഷ്മമാണ്. ശ്ലേഷ്മസ്തരത്തിലെ സീലിയ എന്ന ചെറുരോമങ്ങളാണ് ശ്ലേഷ്മത്തെ പുറന്തള്ളാൻ സഹായിക്കുന്നത്. എന്നാൽ സൈനസുകൾക്ക് വീക്കമുണ്ടാകുന്നതോടെ ശ്ലേഷ്മത്തിന്റെ ഒഴുക്ക് തടസപ്പെട്ടു കെട്ടിക്കിടന്നു മൂക്കടപ്പുണ്ടാകും.  ഈ കെട്ടിക്കിടക്കുന്ന ശ്ലേഷ്മം ബാക്ടീരിയകളും വൈറസുകളും പെരുകാൻ സാഹചര്യമൊരുക്കുന്നു. അണുബാധയെത്തുടർന്ന് സൈനസുകളിലെ ശ്ലേഷ്മസ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസിനു കാരണമാകുന്നത്.

ഏതു സൈനസിനാണോ അണുബാധയുണ്ടാകുന്നത് അതു സ്ഥിതിചെയ്യുന്ന ഭാഗത്തോടു ചേർന്നുള്ള വേദനയാണ് സൈനസൈറ്റിസിന്റെ പ്രധാനലക്ഷണം. മുഖം, നെറ്റി, കണ്ണിനു പിൻവശം, മൂക്കിന്റെ പാലം തുടങ്ങുന്ന ഭാഗം എന്നിവിടങ്ങളിലൊക്കെ വേദനയുണ്ടാകാം. തലവേദന, മൂക്കടപ്പ്, മണമറിയാൻ പറ്റാതെ വരിക, ശബ്ദവ്യത്യാസം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു.

കേരളത്തിൽ കൂടുതലും കണ്ടുവരുന്നത് അലർജിമൂലമുള്ള സൈനസ് പ്രശ്നങ്ങളാണ്. പൊടി, തണുപ്പ് തുടങ്ങിയവയാണ് പ്രധാന അലർജി കാരണങ്ങൾ. ബാക്ടീരിയൽ സൈനസൈറ്റിസിന്റെ പ്രധാനകാരണം മേൽനിരയിലെ പല്ലുകൾക്ക് പ്രത്യേകിച്ച് അണപ്പല്ലുകൾക്കുണ്ടാകുന്ന അണുബാധയാണ്. കട്ടികൂടിയപശയുള്ള റബർ പോലെ വലിയുന്ന കഫം ഫംഗൽ സൈനസൈറ്റിസിന്റെ ലക്ഷണമാണ്.

അലർജി കൊണ്ടുള്ള സൈനസ് പ്രശ്നങ്ങൾ പരിഹരിക്കാൻ അലർജി ഉണ്ടാകുന്നതെങ്ങനെയെന്നു മനസിലാക്കിയ ആ സാഹചര്യങ്ങൾ ഒഴിവാക്കണം. അലർജിയുള്ളവർ കുടിക്കാൻ നേരിയ ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം. ചൂടും, തണുപ്പും ഏറിയത് ഒഴിവാക്കണം. സസ്യാഹാരം ശീലിക്കുന്നതും നല്ലതാണ്.

പല്ലിന്റെ പ്രശ്നങ്ങൾ പഴകി ബാക്ടീരിയിൽ സൈനസൈറ്റിസുണ്ടാകാം. അതുകൊണ്ടു പല്ലിന്റെ കേട്, അണുബാധ, മോണവീക്കം എന്നിവ തുടക്കത്തിൽത്തന്നെ ചികിത്സിക്കുക. മൂക്കിൽ ദശവളരുക, പാലം വളയുക തുടങ്ങിയ പ്രശ്നമുള്ളവരിൽ ഫംഗൽ സൈനസൈറ്റിസിനുള്ള സാധ്യത കൂടുതലാണ്. അവർ, റബർ പോലെയുള്ള കഫം, കണ്ണുവേദന തുടങ്ങിയവ കണ്ടു തുടങ്ങുമ്പോൾത്തന്നെ വിദഗ്ധ ചികിത്സ തേടണം.

പുകവലിക്കുന്നവർക്കു സൈനസ് പ്രശ്നങ്ങൾ വരാനും ഗുരുതരമാകാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ പുകവലി ഒഴിവാക്കുക. കഫക്കെട്ടും മൂക്കടപ്പും തുടങ്ങുമ്പോൾത്തന്നെ ആവിപിടിക്കുന്നതു കഫം നേർപ്പിക്കാൻ സഹായിക്കും.

സൈനസൈറ്റിസുമൂലമോ അല്ലാതെയോ ഉള്ള മൂക്കടപ്പിനു ചൂടുവെള്ളത്തിലുള്ള കുളി ഫലം ചെയ്യും. രാവിലെ എഴുന്നേറ്റയുടനെ ചൂടുവെള്ളമോ കാപ്പിയോ കുടിക്കുന്നതു ശരീരത്തെ മുഴുവൻ ചൂടുപിടിപ്പിക്കും. സൈനസൈറ്റിസുകളിലെ രക്തപ്രാവാഹം കൂടാനും മൂക്കടപ്പുമാറാനും അസ്വസ്ഥത കുറയാനും ഇതു നല്ലതാണ്.

രോഗമുള്ളവർ വെള്ളം ധാരാളം കുടിക്കുന്നത് ഒരു ശീലമാക്കണം. ഇതു ശ്ലേഷ്മം കെട്ടിക്കിടക്കാതെ അലിഞ്ഞു പുറത്തുപോവാൻ സഹായിക്കും. ഒപ്പം പതിവായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇതു സൈനസുകളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. സൈനസൈറ്റിസിന്റെ വേദന അനുഭവപ്പെടുമ്പോൾ ഇളം ചൂടുവെള്ളത്തിൽ നനച്ച ടൗവൽ കവിളെല്ലുകളുടെ കണ്ണിന്റെയും മേൽ ഇടുക. വേദനകുറയുന്നതുവരെ ഇങ്ങനെ ചെയ്യാം.

മൂക്കിനു ഘടനാപരമായ വൈകല്യം, മൂക്കടപ്പ് മാറാതെ നിൽക്കുക, മരുന്നുകൾ കൊണ്ടു ഫലം ഇല്ലാതിരിക്കുക എന്നീ അവസ്ഥകളിൽ ശസ്ത്രക്രിയ ചികിത്സാമാർഗമായി സ്വീകരിക്കേണ്ടി വരും.