മഴക്കാലമായതോടെ ജില്ലയിൽ എലിപ്പനി വ്യാപിക്കാൻ  സാധ്യതയുള്ളതിനാൽ എലിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.   എലി, അണ്ണാൻ എന്നിവയും കന്നുകാലികളും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രമോ അതുകലർന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.  പനി, തലവേദന, പേശിവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.

രോഗം കൂടിയാൽ കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്.  ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.   രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. മലിനജലവുമായി ബന്ധപ്പെട്ട് ജോലി എടുക്കുമ്പോൾ കൈയ്യുറ, കാലുറ എന്നിവ ഉപയോഗിക്കുക.  ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിനമായ വെള്ളം, മണ്ണ് ഇവയുമായി സമ്പർക്കം ഉണ്ടാകാതെ നോക്കണം.

ഇത്തരം പ്രവർത്തനത്തിനായി ഇറങ്ങുന്നവർ ആഴ്ചയിൽ ഒരു ദിവസം 200 എംജി ഡോക്‌സിസൈക്ലിൻ ഗുളിക ആറാഴ്ച വരെ കഴിക്കേണ്ടതാണ്.  എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും. ആഹാര സാധനങ്ങളും കുടിവെള്ളവും  മൂടിവയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലി ശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.