മത്സ്യങ്ങൾ നമ്മുടെ സമ്പത്താണ്. എന്നാൽ, ആ സമ്പത്തിൽ മായം ചേർത്തു കൂടുതൽ സമ്പത്തുണ്ടാക്കാൻ നോക്കുന്നവരാണു പലരും. ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ മത്സ്യങ്ങൾ കേടാകാതിരിക്കാൻ അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കൾ വൻതോതിൽ ചേർക്കുന്ന സ്ഥിതിയായി. 

ഇങ്ങനെ മായം ചേർക്കുന്നവർ സൂക്ഷിക്കുക: നിങ്ങൾ ചേർക്കുന്ന ഏതു മായവും വില്ലിങ്ഡൻ ഐലൻ‌ഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ദേശീയ റഫറൻസ്, റഫറൽ ലാബിൽ കണ്ടുപിടിക്കും. മത്സ്യ, മത്സ്യോൽപന്നങ്ങളുടെ കാര്യത്തിൽ രാജ്യത്തെ  തന്നെ അവസാന വാക്കാണ് സിഫ്റ്റിലെ ഈ ലാബ്. 

2017ൽ ലാബിനെ ദേശീയ റഫറൽ ലാബാക്കി; ഈ വർഷം മാർച്ചിൽ ദേശീയ റഫറൻസ് ലാബും. മത്സ്യോൽപന്നങ്ങളുമായി ബന്ധപ്പെട്ട വിശ്വാസ്യതയുള്ള പരിശോധന രീതികളും, അതിന്റെ മാനദണ്ഡങ്ങളും ആവിഷ്കരിക്കുന്നത് ഇവിടെയാണ്.

പിടികൂടും ഏതു മായവും
കടലിൽ നിന്നു പിടിക്കുന്ന മത്സ്യങ്ങളിൽ ഒരു തരത്തിലുള്ള രാസവസ്തുക്കളും ചേർക്കാൻ പാടില്ലെന്നാണു നിയമം. എന്നാൽ, ഇരുന്നൂറിലേറെ വരുന്ന രാസവസ്തുക്കളിൽ ഏതാണു മത്സ്യത്തിൽ ചേർക്കുന്നതെന്നു കണ്ടെത്തി അതിനെ പ്രതിരോധിക്കുകയെന്നതാണു വെല്ലുവിളിയെന്നു സിഫ്റ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും ഫിഷ് പ്രോസസിങ് വിഭാഗം മേധാവിയുമായ ഡോ. കെ. അശോക് കുമാർ പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മത്സ്യങ്ങളിലും അനുബന്ധ ഉൽപന്നങ്ങളിലും ഏതു തരം പരിശോധനയും നടത്താനുള്ള സൗകര്യങ്ങൾ ലാബിലുണ്ട്. 

അത്യാധുനികം ഈ ലാബ്
ലോകത്തെ തന്നെ ഏറ്റവും മികച്ച പരിശോധന സംവിധാനങ്ങളാണു ലാബിലുള്ളതെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റും ക്വാളിറ്റി അഷ്വറൻസ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവിയുമായ ഡോ. എ.എ. സൈനുദീൻ പറഞ്ഞു. വളരെയധികം സൂക്ഷ്മമായ രീതിയിൽ പരിശോധനാ ഫലങ്ങൾ തയാറാക്കാൻ ഇതുവഴി സാധിക്കും. 

മറ്റ് അംഗീകൃത ലാബുകളിലെ പരിശോധനാ ഫലങ്ങളിൽ വ്യത്യാസമുണ്ടാവുകയാണെങ്കിൽ അന്തിമ തീരുമാനവും സിഫ്റ്റിന്റെ ലാബിലെ പരിശോധനയിലൂടെയായിരിക്കും. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും കയറ്റിഅയയ്ക്കുന്നതുമായ മത്സ്യോൽപന്നങ്ങളുടെ നിലവാരം പരിശോധിക്കുന്നതും സിഫ്റ്റിലെ ലാബിലാണ്.

സിഫ്റ്റിലെ അത്യാധുനിക ലാബുകളിൽ ഒന്ന്

പ്രധാന ഉപകരണങ്ങൾ
ഗ്യാസ് ക്രോമറ്റോഗ്രഫി, അയേൺ ക്രോമറ്റോഗ്രഫി, ഇൻഡക്റ്റീവ്‌ലി കപ്പ്ൾഡ് പ്ലാസ്മ, അൾട്രാ‌ ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമറ്റോഗ്രഫി, ഓട്ടമേറ്റഡ് മാസ് സ്പെക്ട്രോമെട്രി, ഓട്ടമേറ്റഡ് ഇമ്മ്യൂണോ അനലൈസർ, ഓട്ടമേറ്റഡ് ക്വാളിറ്റി ഇൻഡിക്കേറ്റർ ടെസ്റ്റിങ് സിസ്റ്റം, റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ, ഓട്ടോമാറ്റിക് മൈക്രോബിയൽ ഐഡന്റിഫിക്കേഷൻ സിസ്റ്റം, ഓ‍ട്ടോമാറ്റിക് മൈക്രോബിയൽ എന്യൂമറേഷൻ സിസ്റ്റം... ഇങ്ങനെ നീളുന്നു. 

രാജ്യത്തെ മത്സ്യോൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സിഫ്റ്റിലെ ദേശീയ റഫറൻസ് ലാബിനു വലിയ പങ്കാണുള്ളത്. കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണ സംവിധാനങ്ങളും വികസിപ്പിക്കാനും, അതിനനുസരിച്ചു ബന്ധപ്പെട്ടവർക്കു പരിശീലനം നൽകാനും സിഫ്റ്റ് മുൻഗണന നൽകുന്നതായി സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ.  രവിശങ്കർ പറഞ്ഞു.