കുട്ടികളിലെ അമിതവണ്ണത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നു ഡോക്ടർമാരുടെ മുന്നറിയിപ്പ്. കാരണം കുട്ടിക്കാലത്തുള്ള അമിതവണ്ണം ഭാവിയില്‍ രക്തസമ്മര്‍ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അമിതവണ്ണമുള്ള നാലു വയസ്സുകാരില്‍പ്പോലും രക്തസമ്മര്‍ദം കൂടാന്‍ സാധ്യതയുണ്ടത്രേ.

കുട്ടികള്‍ എപ്പോഴും ഫിസിക്കലി ആക്ടീവ് ആയിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് അവര്‍ക്ക് അമിതവണ്ണം ഉണ്ടാകാതെ സംരക്ഷിക്കും.  അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് അമിതവണ്ണം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തണം. പുകവലി പോലെയുള്ള ശീലങ്ങളും ഉപേക്ഷിക്കണം. ശിശുവിനെ ചൈല്‍ഡ്ഹൂഡ് ഒബിസിറ്റിയിലേക്ക് നയിക്കാവുന്ന ഘടകങ്ങള്‍ ആണിത്. നാലു മുതല്‍ ആറു വരെ വയസ്സിനുള്ളില്‍ സാധാരണ ഭാരം മാത്രമുള്ള കുട്ടികളെ അപേക്ഷിച്ച് ബോഡി മാസ് ഇൻഡെക്സ്  കൂടിയ കുട്ടികളില്‍ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത 2.49 - 2.54 മടങ്ങ് അധികമാണ്. 1,796 കുട്ടികളെ രണ്ടുവർഷം നിരീക്ഷിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അതുകൊണ്ട് കൊച്ചുകുട്ടികളില്‍ വണ്ണം കൂടുന്നുവെന്നു തോന്നിയാല്‍ വേണ്ട ശ്രദ്ധ നല്‍കി അവരെ കൂടുതല്‍ കായികമായി അധ്വാനിക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം.