മഴക്കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. പനിയും ജലദോഷവും ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്ന സമയം കൂടിയാണിത്. അന്തരീക്ഷ ഊഷ്മാവിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ മൂലം ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ചുമ, കഫക്കെട്ട് എന്നിവയെല്ലാം ഈ സമയത്ത് സാധാരണമാണ്.  ശ്വാസകോശ രോഗങ്ങളുടെ ആദ്യ ലക്ഷണം വിട്ടുമാറാത്ത ചുമയാണ്. കഫം കലര്‍ന്ന തുപ്പല്‍, വിട്ടുവിട്ടുള്ള ചൂട് എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടായാല്‍ ഉടനെ ഡോക്ടറെ കാണണം. വിറയല്‍, ശ്വാസംമുട്ടല്‍, വയറ്റില്‍ വേദന, നെഞ്ചുവേദന എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ പനിയുടെ മാത്രം ആകണമെന്നുമില്ല. ഇവ ബ്രോങ്കെറ്റീസ് മുതല്‍ Chronic Obstructive Pulmonary Disease (COPD) എന്നിവയുടെ വരെ ലക്ഷണമാകാം. 

ന്യുമോണിയയും മഴക്കാലത്ത് വളരെ കൂടുതല്‍ കാണപ്പെടുന്ന രോഗമാണ്. ആന്റിബയോട്ടിക്സ് കഴിച്ചാല്‍ മാത്രം മാറുന്ന രോഗമാണിത്. ആവശ്യത്തിനു വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിവയും വേണം. മഴക്കാലത്ത്‌ നനഞ്ഞ ഉടുപ്പുകള്‍ ധരിക്കുന്നത് അലര്‍ജിക്കു കാരണമാകാറുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവ കൂടുതലായി കാണപ്പെടുന്ന ഈ സമയത്ത് നനഞ്ഞ വസ്ത്രങ്ങള്‍ കൂടുതല്‍ നേരം ധരിക്കരുത്.

മുന്‍കരുതലുകള്‍ 

∙ ചുമ, തുമ്മല്‍ എന്നിവ ഉണ്ടാകുമ്പോള്‍ മൂക്കും വായും നന്നായി മറയ്ക്കുക.

∙ കൈമുട്ടിനോട് മുഖം ചേര്‍ത്തു ചുമയ്ക്കുന്നതും നല്ലതാണ്. ഇത് അണുക്കള്‍ മറ്റുള്ളവരിലേക്കു പകരാതിരിക്കാന്‍ സഹായിക്കും.

∙ ഉപയോഗിച്ച ടിഷ്യൂ ഉപേക്ഷിക്കുക, മറ്റുള്ളവര്‍ അതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ നോക്കുക.

∙ കൈകള്‍ വൃത്തിയായി കഴുകുക.

∙ മറ്റുള്ളവര്‍ക്ക് രോഗം പകരാതെ അവരുമായി അകലം പാലിക്കുക.

∙ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്.

∙ കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ കഴിവതും ഉപയോഗിക്കുക.

∙ ചൂടുള്ള ആഹാരം കഴിക്കുക.

∙ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിനു ചൂട് നല്‍കും.