രണ്ടെണ്ണം വീശി പതിയെ തലയ്ക്കുപിടിച്ചാൽ ആദ്യം കൂടുന്നത് എന്താണെന്നറിയുമോ? ആത്മവിശ്വാസം. അപ്പോഴാണ് വിമാനം വരെ ഓടിച്ചുകളയാമെന്നു പലർക്കും തോന്നുന്നത്. എന്നാൽ, മദ്യപിച്ചാൽ കൂടുന്ന മറ്റു ചിലതുകൂടിയുണ്ട്.

അപകടത്തിൽനിന്നു നമ്മളൊക്കെ പലപ്പോഴും രക്ഷപ്പെടുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനവേഗം കൊണ്ടാണ്. അപകടസാധ്യത അല്ലെങ്കിൽ, തടസ്സം മുന്നിൽക്കാണുമ്പോൾ നമ്മൾ വണ്ടി നിർത്താൻ ശ്രമിക്കുന്നു. തടസ്സം കാണുന്നതു മുതൽ വണ്ടി പൂർണമായും നിർത്തുന്നതു വരെയുള്ള സമയം വളരെ പ്രധാനമാണ്. ആ സമയം നിർണയിക്കുന്നതിൽ രണ്ടുകാര്യങ്ങൾ പൂർണമായും നമ്മുടെ കയ്യിലാണ്: 1. മസ്തിഷ്കം അപായസാധ്യത തിരിച്ചറിയാൻ എടുക്കുന്ന സമയം – Perception time 2. തുടർന്ന് കാൽ ആക്സിലറേറ്ററിൽനിന്നു മാറ്റി ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന പ്രതികരണസമയം– Human Reaction time. ഇൗ രണ്ടു കാര്യങ്ങൾക്ക് നമ്മൾ സുബോധത്തിലാണെങ്കിൽ അര മുതൽ മുക്കാൽ സെക്കൻഡ് വരെ സമയം മതി. എന്നാൽ, മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മസ്തിഷ്കത്തിന് ഈ സ്പീഡിൽ പ്രവർത്തിക്കാനാകില്ല. അപ്പോൾ തിരിച്ചറിയൽ – പ്രതികരണ സമയം പലമടങ്ങു വർധിക്കും. വാഹനം ഉദ്ദേശിച്ച സമയത്തു നിൽക്കില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ പിടിച്ചാൽ കിട്ടില്ല. അപകടം ഉറപ്പ്.

(ലഹരി മാത്രമല്ല, ക്ഷീണം, ശ്രദ്ധയില്ലായ്മ എന്നിവയും ഈ സമയം ദീർഘിപ്പിക്കാം)