എച്ച്1എൻ1 പനി കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്‍റെ ചികിത്സയെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കുന്നത് രോഗത്തിന് കടിഞ്ഞാണിടാനും, സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കും. രോഗമുണ്ടാക്കുന്ന എച്ച്1എൻ1 വൈറസ് ഒരു പുതിയ രോഗാണുവാണ്. പെട്ടെന്ന് പടരുകയും പലപ്പോഴും മാരകമാവുന്നതും ആണ്. അതുകൊണ്ടുതന്നെ അതിന്‍റെ ചികിത്സയും പ്രതിരോധവും വളരെ പ്രധാനപ്പെട്ടതാണ്. 

ചികിത്സ

പനി വന്നാല്‍ രോഗസ്ഥിരീകരണം പെട്ടെന്ന് തന്നെ നടത്തണം. എച്ച്1എൻ1 എന്ന് സംശയം തോന്നിയാല്‍  സ്വയം ചികിത്സയ്ക്ക് പോകാതെ വൈദ്യസഹായത്തോടെ തൊണ്ടയില്‍ നിന്ന്  Swab എടുത്ത് പരിശോധനയ്ക്ക് അയയ്ക്കണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ ആന്‍റി വൈറല്‍ മരുന്നുകള്‍ (ഉദാ : Tami flu (Oseltamivir) കഴിക്കണം. പലപ്പോഴും പരിശോധനാ ഫലം വരുന്നതിനു മുമ്പ്തന്നെ ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദ്ദേശിക്കാറുണ്ട്. രണ്ടു മൂന്നു സന്ദര്‍ഭങ്ങളിലാണ് ഇങ്ങനെ ചെയ്യാറുള്ളത്.

∙ എച്ച്1എൻ1 പനി പടര്‍ന്നു പിടിക്കുന്ന പ്രദേശത്തുള്ളര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍, അങ്ങനെയുള്ള പ്രദേശത്ത് നിന്നുവന്ന വരാണെങ്കില്‍.

∙ എച്ച്1എൻ1 പനി സ്ഥിരീകരിച്ച ഒരാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആള്‍ പനിയുമായി എത്തുമ്പോള്‍, രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, നഴ്സ്, ബന്ധുക്കള്‍ എന്നിവര്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍.

∙ ഗര്‍ഭണികള്‍,കുട്ടികള്‍, പ്രായം ചെന്നവര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവ  ഉള്ളവര്‍ക്കൊക്കെ സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് ചികിത്സയില്‍ പ്രത്യേക ശ്രദ്ധ വേണം.

ചികിത്സ എത്രയും പെട്ടെന്നുതന്നെ ആരംഭിക്കണം. ചികിത്സ വൈകിപ്പിക്കുന്നതാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. ആരംഭത്തില്‍തന്നെ വേണ്ട ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് എച്ച്1എൻ1. ഏതാനും ദിവസങ്ങള്‍കൊണ്ടോ ആഴ്ചകള്‍കൊണ്ടോ ഇത് സാധ്യമാവും. 

ചികിത്സ എങ്ങനെ?

∙ വിശ്രമം - പനിയുടെ ആരംഭം മുതല്‍ തീര്‍ത്തു മാറുന്നതുവരെ പൂര്‍ണവിശ്രമം ആവശ്യമാണ്. അത് വീട്ടിലായാലും ആശുപത്രിയിലായാലും വേണം. യാത്ര ചെയ്യുന്നതും ജോലിക്ക് പോകുന്നതും ഒഴിവാക്കുകതന്നെ വേണം.

∙ ധാരാളം വെള്ളം കുടിക്കണം. പനിയുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലം നഷ്ടപ്പെടുന്നത് കൊണ്ട് നിര്‍ജലീകരണം (dehydration) ഉണ്ടാവാതിരിക്കാനാണിത്.

∙ പനി, ശരീരവേദന, തലവേദന തുടങ്ങിയവയ്ക്ക് ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കും.

∙ ആന്‍റി വൈറല്‍ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ പറയുന്നതുപോലെ തന്നെ കഴിക്കുക.

∙ IV - fluids ക്ഷീണം മാറാനും നിര്‍ജലനീകരണം ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു.

ആശുപത്രിയിലാണെങ്കില്‍ രോഗിക്ക് എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാവുന്നുണ്ടോയെന്ന്  ഡോക്ടര്‍ നിരീക്ഷിക്കും. അവയിലേതെങ്കിലും ഉണ്ടാവുന്നെങ്കില്‍ വിദഗ്ധചികിത്സ ലഭ്യമാക്കണം. അത് എത്രയും പെട്ടെന്നുതന്നെ വേണംതാനും. സങ്കീര്‍ണതകള്‍ ഏതെന്ന് അനുസരിച്ച് പരിശോധനകളിലും ചികിത്സയിലും മാറ്റം വരും.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)