ആർത്തവ വിരാമത്തോടടുക്കുമ്പോൾ മിക്ക സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിഷാദരോഗം. ഈസ്ട്രജന്റെ അളവ് കുറഞ്ഞു വരുന്നതോടെ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങും. രണ്ടാഴ്ചയിൽ  കൂടുതൽ നീണ്ടു നിൽക്കുന്ന സങ്കടം, ഒന്നിലും താൽപര്യമില്ലായ്മ, വിശപ്പില്ലായ്മ, അമിത ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ, അതിയായ ക്ഷീണം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുക, കഠിനമായ കുറ്റബോധം, ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ, വർധിച്ചു വരുന്ന അസ്വസ്ഥത, ആത്മഹത്യ പ്രവണത, ഉത്കണ്ഠ എന്നിവയാണ് ലക്ഷണങ്ങൾ. 

ഈസ്ട്രജന്‍ ഹോർമോണിന്റെ അളവ് കുറയുന്നത് യോനീഭാഗത്തെ വരൾച്ചയ്ക്കു കാരണമാകും. അത് ലൈംഗികബന്ധം വേദനാജനകമാക്കും. അതോടെ സെക്സിനോടുള്ള ഭയവും ആർത്തവവിരാമത്തോടനുബന്ധിച്ച് ഉണ്ടാകും. ഇതും വൈകാരിക പ്രശ്നത്തിന് ഇടയാക്കും. ഈ കാലത്ത്, ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം വൈദ്യസഹായം തേടുകയും വേണം. കഠിമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ഹോർമോൺ മരുന്നുകളും വേണ്ടി വരും. ഈസ്ട്രജന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആഹാരങ്ങൾ കഴിക്കുന്നതും ഗുണം ചെയ്യും.