‘ദയവായി ബില്ല് ചോദിക്കരുത്, തരില്ല.’ പറയുന്നത് അറുത്തുമുറിച്ചാണെങ്കിലും കേൾക്കുന്നവർക്കു വേദനസംഹാരിയാണ് ഈ വാക്കുകൾ. തൃശൂർ ഊരകത്തെ ശാന്തിഭവൻ സാന്ത്വന പരിചരണ ആശുപത്രിയെ അതുകൊണ്ടാണല്ലോ രോഗികൾ ‘ നോ ബിൽസ് ഹോസ്പിറ്റൽ’ (ബില്ലില്ലാ ആശുപത്രി) എന്നു സ്നേഹത്തോടെ വിളിക്കുന്നത്. കിടപ്പിലായ രോഗികളെ സാന്ത്വന പരിചരണത്തിനായി കിടത്തിച്ചികിൽസിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രി. ചികിത്സയും മരുന്നുകള‍ും രോഗിക്കും കൂട്ടിരിപ്പുകാർക്കും മൂന്നുനേരം ഭക്ഷണവുമെല്ലാം സൗജന്യം. രോഗികളുടെ എണ്ണം കൂടിയപ്പോൾ അവരെ പാർപ്പിക്കാൻ ഓഫിസ് ഒഴിഞ്ഞുകൊടുത്ത് വരാന്തയിൽ പ്ലാസ്റ്റിക് കസേരയും മേശയുമിട്ട് ഇരിക്കുകയാണ് ആശുപത്രിയുടെ സിഇഒ ഫാ. ജോയ് കൂത്തൂരും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റൊസാൽബയും. വരാന്തയുടെ വിശാലതയിലിരുന്ന് അവർ പറയുന്നു, ‘ശാന്തി’യിൽ സമാധാനമുണ്ടായ കഥ...

അനുഭവം നൽകിയ പാഠം
5 വർഷം മുൻപാണ്. സിസ്റ്റർ റൊസാൽബയുടെ പിതാവിനു രക്താർബുദം ഗുരുതരമായപ്പോൾ വീട്ടിലെത്തി ചികിൽസിക്കാൻ  ഡോക്ടറെ അന്വേഷിച്ചു. സാന്ത്വന പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പുതുക്കാട് സ്വദേശി ഡോ. ജെറിയെ കണ്ടെത്തി. പരിചരിക്കാനെത്തിയ ഡോക്ടർക്കൊപ്പം ഫാ. ജോയ് കൂത്തൂരും ഉണ്ടായിരുന്നു. ഡോക്ടറുടെ ചികിത്സാരീതി കണ്ടപ്പോഴാണ് സാന്ത്വന പരിചരണത്തിനായി ആശുപത്രി തുടങ്ങിയാലോ എന്നു ഫാ. കൂത്തൂരിനും സിസ്റ്റർ റൊസാൽബയ്ക്കും തോന്നിയത്. അതിരൂപത സന്തോഷത്തോടെ അനുവാദം നൽകി. 

ഊരകത്ത് പണ്ട് ക്വാറിക്കാർ പാറപൊട്ടിച്ച ശേഷം ഉപേക്ഷിച്ചുപോയ മലയിൽ കുറച്ചു ഭാഗം വൃത്തിയാക്കിയെടുത്ത് ശാന്തിഭവൻ പ്രവർത്തനം തുടങ്ങി. നാട്ടുകാരനായ ജോസ് തൊമ്മാന സ്വന്തം നിലയ്ക്ക് വായ്പ എടുത്തു വാങ്ങിനൽകിയ ഓട്ടോയിൽ ഡോക്ടറും നഴ്സും ഫാദറും സിസ്റ്ററും ചേർന്ന് സാന്ത്വന പരിചരണ യാത്ര തുടങ്ങി. ഒട്ടേറെ വീടുകളിൽ എത്തിയപ്പോഴാണ് ഒരുകാര്യം മനസ്സിലായത്. കിടപ്പുരോഗികളെ  കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയാണ് ആവശ്യം. 

ഒരുവർഷത്തിനുള്ളിൽ ആശുപത്രി
ഒറ്റവർഷത്തിനുള്ളിൽ ഇരുനിലക്കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം തുടങ്ങി. ഇതിനുള്ള ഫണ്ട് സ്വരൂപ‍ിച്ച കഥയും നന്മയാൽ ഹൃദ്യം. ഓരോമാസവും 100 രൂപ മുതൽ 10,000 രൂപ വരെ തരാൻ സന്നദ്ധരായവരെ തേടി ഇരുവരും വീടുകൾ തോറും കയറിയിറങ്ങി. തിരികെ നന്മ മാത്രം ലഭിക്കുന്ന ഈ സ്നേഹച്ചിട്ടിയിൽ പങ്കാളികളായത് ആറായിരത്തോളം പേർ. ഇവർ മുടങ്ങാതെ പണം നൽകിയതോടെ, 49 പേരെ കിടത്തിച്ചികിൽസിക്കാവുന്ന ആശുപത്രി തയാർ. 

ലാബ്, ഫാർമസി, ഫിസിയോതെറപ്പി, ഡയാലിസിസ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ പടിപടിയായി പിന്നാലെ. എല്ലാം സൗജന്യം. കിടക്കുന്നവരെ ഇരുത്തുക, ഇരിക്കുന്നവരെ നിർത്തുക, നിൽക്കുന്നവരെ നടത്തുക എന്നിങ്ങനെ സാന്ത്വന ചികിത്സ വളർന്നു. ഓരോ മാസവും 15 ലക്ഷം രൂപയോളം ചെലവിനത്തിൽ കണ്ടെത്തേണ്ടി വന്നിട്ടും ഒരു രോഗിയിൽ നിന്നു പോലും പണം ഈടാക്കാതിരിക്കാൻ ശ്രദ്ധിച്ചു. രോഗികളുടെ എണ്ണം കൂടിയപ്പോൾ സിഇഒയും അഡ്മിനിസ്ട്രേറ്ററും ഓഫിസ് മുറി ഒഴിഞ്ഞുകൊടുത്തു. അവിടെ കൂടുതൽ ഡയാലിസിസ് മെഷീനുകൾ ഇടംപിടിച്ചു. 

പുറത്തേക്കു വളരുന്ന ആശുപത്രി
തൃശൂർ ജില്ല മുഴുവനും വ്യാപിച്ചുകിടക്കുകയാണ് ശാന്തിഭവന്റെ സേവനം. കിടപ്പുരോഗികൾക്ക് 2 ആഴ്ചയിലൊരിക്കലും വയോധികർക്ക് മാസത്തിലൊന്നും വീടുകളിലെത്തി പരിചരണം നൽകുന്നു. റജിസ്റ്റർ ചെയ്യുന്ന രോഗികളെ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിച്ചു കിടത്തിച്ചികിത്സ നൽകുന്നു. ഓരോ കിടക്കയിലും ഓക്സിജൻ നൽകാനുള്ളതടക്കം സൗകര്യങ്ങൾ. ശരീരം തളർന്നു കിടപ്പിലായവർക്കു ഫിസിയോ തെറപ്പി സേവനം. തിരഞ്ഞെടുത്ത രോഗികൾക്കു സൗജന്യമായി ഡയാലിസിസ്. 13 തദ്ദേശ സ്ഥാപനങ്ങളിൽ ശാന്തിഭവന്റെ ഒപി ലിങ്ക് സെന്ററുകളുണ്ട്. ഇതുവഴി മരുന്നുകളും എയർബെഡ് അടക്കമുള്ള ഉപകരണങ്ങളും നൽകുന്നു. മൂവായിരത്തോളം കിടപ്പുരോഗികൾക്കു വലിയ കൈത്താങ്ങാണ് ശാന്തിഭവൻ; ചികിൽസ കഴിഞ്ഞു മടങ്ങുന്നവർ സമ്മാനിക്കുന്ന പുഞ്ചിരിയെക്കാൾ വല‍ിയ ബില്ലൊന്നും കിട്ടാനില്ലെന്ന നന്മയുടെ വലിയ വെളിച്ചവും.