‘മരിച്ചു പോയ ചില സാഹിത്യകാരന്മാരുടെ ആത്മാക്കൾ സാഹിത്യ അക്കാദമി പരിസരത്ത് കൊതുകുകളായി പറന്നു നടപ്പുണ്ടെന്നു 10 വർഷം മുൻപ് ഒരു രാജ്യാന്തര കൊതുകുദിനത്തിൽ വൈശാഖൻ മെട്രോ മനോരമയോടു പറഞ്ഞു. 

അക്കാദമിയിൽ ചടങ്ങുകൾ നീണ്ടുപോകുമ്പോൾ ഉറങ്ങാൻ ശ്രമിക്കുന്ന സാഹിത്യ കുതുകികളെ ഉണർത്തുകയാണ് ഇവയുടെ അവതാര ഉദ്ദേശമെന്നും. പേനാമൂർച്ചയോടെയാണു കൊതുകുകൾ കുത്തുന്നതെന്നും വൈശാഖൻ പറഞ്ഞു.

അക്കാലത്ത് അത്രയേറെ കൊതുകുശല്യമായിരുന്നു സാഹിത്യ അക്കാദമി പരിസരത്ത്. ഇപ്പോൾ കാടുകൾ വെട്ടിത്തെളിച്ചതും ബഷീർ വേദി പോലുള്ള തുറന്ന ചർച്ചാ ഇടങ്ങൾ സജീവമായതും മൂലം കൊതുകു കുറഞ്ഞു. 

അക്കാദമി വളപ്പിലെ പഴയ ക്വാർട്ടേഴ്സുകൾ മാറ്റി ലൈബ്രറി കെട്ടിടവും മറ്റും പണിതതും കൊതുകുകൾ കുറയാൻ ഇടയാക്കി.

മരിച്ചുകഴിഞ്ഞാൽ ഒരു കൊതുകായി സാഹിത്യ അക്കാദമിയുടെ പരിസരത്തു കൂടണമെന്നാണ് ആഗ്രഹമെന്നും അന്നു തമാശയോടെ  പറഞ്ഞ വൈശാഖൻ ഇപ്പോൾ സാഹിത്യ അക്കാദമി പ്രസിഡന്റാണ്. 

ചില കൊതുകുചോദ്യങ്ങൾ

(നന്ദകിഷോർ വക)

 ഐക്യരാഷ്ട്ര സഭയിൽ കൊതുകുണ്ടോ, അതുകൊണ്ടാണോ കൊതുകുകൾക്ക് രാജ്യാന്തര ദിനാചരണം?

  കൊതുകുകൾ ലോക കുത്തുദിനം ആചരിക്കുന്നുണ്ടാകുമോ?

 കൊതുകു തലസ്ഥാനം കൊച്ചിയിലും ചേർത്തലയിലും നിന്നു തൃശൂരിലേക്കു  മാറ്റിയോ?

 മന്തു പരത്തുന്ന കൊതുകുപോലെ ബന്തു പരത്തുന്ന രാഷ്ട്രീയ കൊതുകുകളെ എന്തു വിളിക്കണം?

 കൊതുകുവധം ബാലെ അവതരിപ്പിച്ചാൽ കലക്കുമോ? 

 കുതൂഹലം എന്ന പ്രയോഗം കൊതുകിൽ നിന്നുണ്ടായതാണോ?

  ഗരുഡനും പക്ഷിയാണ്, കൊതുകും പക്ഷിയാണ് എന്ന് രണ്ടു കവികളെ താരതമ്യപ്പെടുത്തി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് ആരെപ്പറ്റിയാണ്?

  കൊതുകുകളിൽത്തന്നെ കോർപറേഷൻ കൊതുകുകൾ, മുനിസിപ്പാലിറ്റി കൊതുകുകൾ, പഞ്ചായത്ത് കൊതുകുകൾ എന്നിങ്ങനെ വേർതിരിവുണ്ടാകുമോ?

 ബസ് സ്റ്റാൻഡ് കൊതുകാണോ റയിൽവേ സ്റ്റേഷൻ കൊതുകാണോ കുത്തരിൽ ശക്തൻ?

 മോസ് ക്വിറ്റ് ഇന്ത്യ. എന്നൊരു മുദ്രാവാക്യം വിളിച്ചാൽ കൊതുകുകൾ ഇന്ത്യവിടുമോ?

 അന്യനാടുകളിലേക്കു കൗതുകത്തോടെ പറക്കുന്ന യന്ത്രവൽകൃത കൊതുകാണോ വിമാനം?

 തെരുവുനായ്കളെ ചെയ്യുന്നപോലെ കൊതുകുകളെ വന്ധ്യംകരിക്കാൻ വഴിയുണ്ടോ ശാസ്ത്രമേ?

 ലോക്കപ്പിലും ജയിലിലും കൊതുകുശല്യമാണ് എന്നുകേട്ടിട്ടിടുണ്ട് (കിടന്നു ശീലംല്യ) ശരിയാണോ?

 ജയിലിൽ കഞ്ചാവ് കുതുകികൾ, സെൽഫോൺ കുതുകികൾ, ലോക്കപ്പിൽ  മർദ്ദനകുതുകികൾ... ഇവരൊക്കെയുണ്ടോ?

കൊതുകിനെ പറപ്പിക്കാം

 പരിസരത്തെ കുഴികളിലും ഓടകളിലും വൃക്ഷച്ചുവട്ടിലും കെട്ടിനിൽക്കുന്ന ജലം ചാലുകീറി ഒഴുക്കിക്കളയുകയോ മണ്ണിട്ടു മൂടുകയോ ചെയ്യുക. 

 ഉപയോഗശൂന്യമായ ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, മൺപാത്രങ്ങൾ, കുപ്പി, കപ്പ്, കവറുകൾ എന്നിവ വെള്ളംകെട്ടി നിൽക്കാത്തവിധം നീക്കം ചെയ്യുക.

 കിണറുകൾ, ടാങ്കുകൾ, മറ്റു ജലസംഭരണികൾ എന്നിവ കൊതുകു കടക്കാത്തവിധം വലയിട്ടു മൂടണം.

 കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാംബൂസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ ജലാശയങ്ങളിലും ടാങ്കുകളിലും കിണറുകളിലും വളർത്തുക.

 മലമ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വീടിനുള്ളിലും ചുമരുകളിലും കീടനാശിനി സ്പ്രേയിങും അന്തരീക്ഷത്തിൽ ഫോഗിങും ചെയ്യുന്നതിനു ആരോഗ്യ പ്രവർത്തകരെ സമീപിക്കുക.

 ജനാലകളും മറ്റും കൊതുകു കടക്കാത്തവിധം വലയടിച്ചു സുരക്ഷിതമാക്കുക.

ചില പൊടിക്കൈകൾ

 വേപ്പണ്ണ നേർപ്പിച്ച് മുറികളിൽ തളിക്കാം. 

 മുറികളിൽ മണം പരക്കുന്ന രീതിയിൽ യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിക്കാം.

 തുളസിയില പുകയ്ക്കാം, മുറിയിൽ സൂക്ഷിക്കാം.

 പച്ചക്കർപ്പൂരം പുകയ്ക്കാം.

 ഉള്ളിത്തൊണ്ട് അൽപം ഉണക്കി കത്തിക്കാം.

 കർപ്പൂരവും ആര്യവേപ്പില ഉണക്കിയതും ചേർത്തു പുകയ്ക്കാം.

 മണം പരക്കുന്ന രീതിയിൽ മുറികളിൽ അൽപം കാപ്പിപ്പൊടി തുറന്നുവയ്ക്കാം.

 പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് തളിക്കാം. ഈ നീര് ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൂത്താടികളെയും നശിപ്പിക്കാം. പപ്പായ തണ്ടിൽ മെഴുക് ഉരുക്കിയൊഴിച്ചും കത്തിക്കാം.

 നാരങ്ങയും ഗ്രാമ്പുവും കറുകപട്ടയും ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം മുറികളിൽ തളിക്കാം. 

 കുന്തിരിക്കം പുകയ്ക്കാം. ശീമക്കൊന്ന ഇലയും ചകിരിയും മുറ്റത്തു കത്തിച്ചും പുകയിടാം.

 പുതിന ഇലയും കർപ്പൂരവും ഇഞ്ചപ്പുല്ലും കത്തിക്കുന്നതും ഗുണപ്രദമാണ്.

 വെളുത്തുള്ളി മുറികളിൽ ചതച്ചിടുകയോ തൊലികത്തിക്കുകയോ ചെയ്യാം. 

കൊതുകുജന്യ രോഗങ്ങൾ

 ഡെങ്കിപ്പനി: ഈഡിസ് വർഗത്തിൽപെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗം. ചികിത്സയ്ക്കൊപ്പം സമ്പൂർണ വിശ്രമം പ്രധാനം.

 ലക്ഷണം:  പനി, തലവേദന, കണ്ണിനു പുറകിൽ വേദന, പേശിവേദന, സന്ധിവേദന

 അപകടസൂചനകൾ: തുടർച്ചയായുള്ള ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, അമിതമായ തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദ്ദം അളവിൽകൂടുതൽ താഴൽ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ.

മലമ്പനി: അനോഫെലിസ് കൊതുകുകൾ വഴി പകരുന്ന രോഗം. 

 ലക്ഷണം: ഇടവിട്ടുള്ള പനി, വിറയൽ, പേശിവേദന, തലവേദന. 

മന്തുരോഗം: മന്തുരോഗം വിരകൾ മൂലം ഉണ്ടാകുന്നതും ക്യൂലക്സ്, മാൻസോണിയ വിഭാഗത്തിൽപെടുന്ന പെൺകൊതുകുകൾ വഴി പകരുന്നതും.