പല കാരണങ്ങൾ കൊണ്ട് സ്തനത്തിൽ വേദനയുണ്ടാകാം. സ്തനാർബുദ ഭീതിയുടെ കാലമായതിനാൽ സ്തനത്തിലെ വേദന സ്ത്രീയുടെ ആത്മവിശ്വാസത്തെ ചോർത്തുകയും ഭയപ്പെടുത്തുകയും െചയ്യും. വളരെ അപൂർവമായേ സ്തനാർബുദം കാരണമോ സ്തനത്തിലെ മുഴകൾ കാരണമോ വേദന അനുഭവപ്പെടാറുള്ളൂ. 

സാധാരണയായി ചില സ്ത്രീകളിൽ ആർത്തവസമയത്തോ അതിനു തൊട്ടുമുൻപോ ശേഷമോ രണ്ടു സ്തനങ്ങളിലും വേദനയോ നീർക്കെട്ടോ വരാം. സ്ത്രീ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിനു കാരണം. ചിലരിൽ സ്തനത്തെ നെഞ്ചിൽ താങ്ങിനിർത്തുന്ന പേശികൾക്കുണ്ടാകുന്ന ആയാസമാണ് വേദനയുണ്ടാക്കുന്നത്. 

അണുബാധകൾ മൂലവും സ്തനത്തിലെ കോശങ്ങൾ വീങ്ങി വേദന അനുഭവപ്പെടാം. മുലയൂട്ടുന്ന അമ്മമാരിൽ സ്തനത്തിൽ പാലു കെട്ടിക്കിടന്നാലും വേദന വരും. ചെറിയ വേദനയ്ക്ക് ചികിത്സ ആവശ്യമില്ല. കഠിനമായാൽ ഡോക്ടറെ കാണണം.